Asianet News MalayalamAsianet News Malayalam

Indian Panorama | മലയാളത്തില്‍ നിന്ന് 'സണ്ണി', 'നിറയെ തത്തകളുള്ള മരം'; ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പനോരമയില്‍ ഇത്തവണ രണ്ട് മലയാള ചിത്രങ്ങള്‍

sunny niraye thathakalulla maram in indian panorama
Author
Thiruvananthapuram, First Published Nov 5, 2021, 11:12 PM IST

52-ാമത് ഐഎഫ്എഫ്ഐയിലെ (IFFI) ഇന്ത്യന്‍ പനോരമ (Indian Panorama) പ്രഖ്യാപിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ 25 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 20 ചിത്രങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളില്ല.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത സണ്ണി (Sunny), ജയരാജ് സംവിധാനം ചെയ്‍ത നിറയെ തത്തകളുള്ള മരം (Niraye Thathakalulla Maram) എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഇടംനേടിയ ചിത്രങ്ങള്‍. ദിമാസ ഭാഷയിലെ സേംഖോര്‍ എന്ന ചിത്രമാണ് ഫീച്ചര്‍ വിഭാഗം പനോരമയിലെ ഓപണിംഗ് ചിത്രം. വെഡ് ദ് വിഷണറി എന്ന ചിത്രമാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഓപണിംഗ് ചിത്രം. 

221 സമകാലിക ഇന്ത്യന്‍ ചിത്രങ്ങളില്‍ നിന്നാണ് 25 ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 203 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളില്‍ നിന്നാണ് 20 എണ്ണം തെരഞ്ഞെടുത്തിരിക്കുന്നത്. നടനും സംവിധായകനുമായ എസ് വി രാജേന്ദ്ര സിംഗ് ബാബുവായിരുന്നു ഫീച്ചര്‍ ഫിലിം ജൂറി അധ്യക്ഷന്‍. ഡോക്യുമെന്‍ററി സംവിധായകന്‍ എസ് നല്ലമുത്തു ആയിരുന്നു നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി അധ്യക്ഷന്‍. ഇന്ത്യയുടെ 52-ാം ചലച്ചിത്രോത്സവം ഈ മാസം 20 മുതല്‍ 28 വരെ പതിവുവേദിയായ ഗോവയിലാണ് നടക്കുക.

Follow Us:
Download App:
  • android
  • ios