സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയില്‍ നിവിന്‍ പോളി നായകന്‍. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'പടവെട്ട്' എന്നാണ്. നേരത്തേ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ഒരു നാടകത്തിന്റെ പ്രൊഡക്ഷന്‍ ചെയ്തിരുന്നു. 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന ആ നാടകവും സംവിധാനം ചെയ്തത് ലിജു കൃഷ്ണ ആയിരുന്നു.

ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും 'പടവെട്ട്'. പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.

അതേസമയം 'മിഖായേലി'ന് ശേഷം നിവിന്‍ പോളിയുടേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം 'ലൗ ആക്ഷന്‍ ഡ്രാമ'യാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'മൂത്തോന്‍', രാജീവ് രവിയുടെ 'തുറമുഖം' എന്നിവയാണ് വരാനിരിക്കുന്ന മറ്റ് നിവിന്‍ പോളി ചിത്രങ്ങള്‍.