കൊച്ചി: 'ഏറ്റവും സുന്ദരിയായ ഭാര്യയെ തന്നെ കിട്ടി'...'സെക്കന്‍റ് ഷോ'യിലെ ലാലുവും കുരുടിയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ലാലുവിന് പറയാനുള്ളത് ഇതായിരുന്നു. ലാലുവായി ദുല്‍ഖര്‍ സല്‍മാനും കുരുടിയായി സണ്ണി വെയ്നും തകര്‍ത്ത് അഭിനയിച്ച സെക്കന്‍റ് ഷോ എന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത സിനിമകളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം വിവാഹിതനായ സണ്ണി വെയ്ന്‍റെ വിവാഹ റിസപ്ഷന്‍ വേദിയിലെ താരവും ദുല്‍ഖര്‍ തന്നെയായിരുന്നു. 

വിവാഹദിനത്തില്‍ സണ്ണിച്ചനും കുഞ്ഞുവിനും ആശംസകള്‍ എന്നെഴുതിയ കുറിപ്പും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

 'പ്രിയപ്പെട്ട സണ്ണിച്ചനും കുഞ്ഞുവിനും അഭിനന്ദനങ്ങള്‍!!! ഈ ദിവസത്തിന് വേണ്ടി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു, വിവാഹചിത്രം വലിയ സന്തോഷമാണ് പകര്‍ന്നു നല്‍കുന്നത്, ജീവിതകാലം മുഴുവന്‍ വളരെയധികം സ്നേഹിക്കുക' - ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി താരങ്ങളാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. വിനീത് ശ്രീനിവാസന്‍, അനു സിത്താര, ഗൗതമി നായര്‍, 96 എന്ന തമിഴ് ചിത്രത്തിലൂടെ കുട്ടിജാനുവായി എത്തിയ ഗൗരി ജി കിഷന്‍, ജയസൂര്യ, അഹാന കൃഷ്ണകുമാര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, പേര്‍ളി മാണി, സംവിധായകരായ അരുണ്‍ ഗോപി, സക്കറിയ മുഹമ്മദ്, തുടങ്ങിയ വന്‍ താരനിര വിവാഹ സല്‍ക്കാരത്തിന് എത്തി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയെയാണ് സണ്ണി വെയ്ന്‍ വിവാഹം കഴിച്ചത്.