Asianet News MalayalamAsianet News Malayalam

'പൊന്നിയിൻ സെല്‍വനോ'ട് ഏറ്റുമുട്ടാനില്ല, രജനികാന്തിന്റെ 'ജയിലര്‍' റിലീസ് മാറ്റുന്നു

 'പൊന്നിയിൻ സെല്‍വൻ' ഏപ്രിലില്‍ എത്തുന്നതിനാല്‍  'ജയിലര്‍' റിലീസ് മാറ്റുന്നു.

Superstar Rajinikanth starrer new film Jailer release pushed to Aug 11
Author
First Published Jan 22, 2023, 9:17 AM IST

മോഹൻലാല്‍ അടക്കം വിവിധ ഭാഷകളിലെ താരങ്ങളുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് 'ജയിലര്‍'. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. 'ജയിലറു'ടെ റിലീസ് മാറ്റിയേക്കുമെന്നാണ് പുതിയ വാര്‍ത്തയായി പുറത്തുവരുന്നത്.

'ജയിലര്‍' ഏപ്രില്‍ 14ന് റിലീസ് എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മണിരത്‍നത്തിന്റെ സംവിധാനത്തിലുള്ള ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെല്‍വൻ 2' ഏപ്രില്‍ 28ന് എത്തും എന്നതിനാലും വിവിധ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമായതിനാല്‍ ചിത്രീകരണം നീണ്ടുപോയേക്കും എന്നതിനാലും ജയിലറുടെ റിലീസ് ഓഗസ്റ്റ് 11ലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. രമ്യാ കൃഷ്‍ണനും ജയിലറില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തത്. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്.രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അരങ്ങേറ്റമായ 'കോലമാവ് കോകില'യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ 'ബീസ്റ്റ്' ആയിരുന്നു. 'ബീസ്റ്റ്' എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. 'ജയിലറി'ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. വിവിധ ഭാഷകളിലെ വമ്പൻ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നതിനാല്‍ ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പ്രൊജക്റ്റായി മാറാൻ 'ജയിലര്‍'ക്ക് ആയിട്ടുണ്ട്.

Read More: 'വാരിസി'ന്റെ വിജയമാഘോഷിച്ച് വിജയ്, പുതിയ ചിത്രത്തിലെ ലുക്കെന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios