ചെന്നൈ: ഡിസ്കവറി ചാനലിലെ ലോകപ്രശസ്ത സാഹസിക ഷോയായ മാൻ വേഴ്സസ് വൈൽഡിൽ അവതാരകൻ ബിയർ ​ഗ്രിൽസിനൊപ്പം പ്രത്യേക എപ്പിസോഡിൽ അതിഥിയായി എത്തുന്നത് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് എന്ന് റിപ്പോർട്ട്. കർണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പുർ കടുവാ സങ്കേതത്തിലാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നത്.എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. 2019 ല്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക അതിഥിയായി ഈ ഷോയിൽ എത്തിയിരുന്നു . ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലായിരുന്നു മോദി ബിയർ ​ഗ്രിൽസിനൊപ്പം എത്തിയത്.

''ശക്തമായ കാറ്റിനെയും വഴിയിലെ വലിയ കല്ലുകളെയും കടന്നാണ് ‍‍അന്ന് സഞ്ചരിക്കേണ്ടിയിരുന്നത്.  ടീമം​ഗങ്ങൾ എല്ലാവരും ആശങ്കയിലായിരുന്നു. എന്നാൽ യാത്രയിലുടനീളം ശാന്തനായി നിലകൊള്ളുന്ന പ്രധാനമന്ത്രിയെയാണ് ഞങ്ങൾക്ക് കാണാൻ  സാധിച്ചത്. വളരെ ശാന്തമായിട്ടാണ് അദ്ദേഹം ‍ഞങ്ങളോട് സഹകരിച്ചത്. ഞങ്ങളെ സംബന്ധിച്ച് വളരെ ആശ്വാസം തോന്നി. ഒരു പ്രതിസന്ധി ഉണ്ടാകുന്നത് വരെ ഒരാൾ എങ്ങനെയായിരിക്കും എന്ന് പറയാൻ സാധിക്കില്ല, എന്നാൽ ഒരു നേതാവ് എന്ന നിലയില്‍ ഏത് പ്രതിസന്ധിയിലും മോദി ശാന്തനാണ് എന്ന് തിരിച്ചറിയാൻ സാധിച്ചു.'' പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രീകരണ അനുഭവത്തെക്കുറിച്ച് ബിയർ ​ഗ്രിൽസ്  ദേശീയ മാധ്യമമായ എഎൻഐ യോട് വെളിപ്പെടുത്തുന്നു.

നാൽപത് വർഷത്തിലധികമായി ചലച്ചിത്ര മേഖലയിലെ സ്ഥിരം സാന്നിദ്ധ്യമാണ് രജനീകാന്ത്. കൂടാതെ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന സൂപ്പർതാരങ്ങളിലൊരാളും കൂടിയാണ്. ദർബാർ‌ ആണ് രജനീകാന്തിന്റെ ഇപ്പോള്‍ തിയേറ്ററിലുള്ള സിനിമ. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന തലൈവര്‍ 168 എന്ന ചിത്രത്തില്‍ നിന്നും കുറച്ച് ദിവസങ്ങള്‍ അവധിയെടുത്താണ് രജനീകാന്ത് ഈ പരിപാടിയുടെ ചിത്രീകരണത്തിനെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.