മലയാളത്തിന്റെ പ്രിയപ്പെട്ട, പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വൻ മേയ്‍ക്ക് ഓവര്‍ വരുത്തിയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ നടക്കുകയാണ്. പൃഥ്വിരാജിനെ പിരിഞ്ഞിരിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് പറയുകയാണ് ഭാര്യ സുപ്രിയ മേനോൻ.

ഒരു ചിത്രം പങ്കുവെച്ചാണ് സുപ്രിയ വിരഹ ദുഖം പങ്കുവയ്‍ക്കുന്നത്. 2012ലെ ഒരു ഓര്‍മചിത്രം. സുപ്രിയയുടെ കുറിപ്പിന് കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. മോളി ആന്റി റോക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിനു വേണ്ടി പൃഥ്വി പാലക്കാട് എത്തിയപ്പോൾ. ഇതുപോലെ അടുത്തിരുന്നിട്ടും ചിരിച്ചിട്ടും ഇന്നേക്ക് 77 ദിവസങ്ങളായി. ഇതുവരെയുള്ളിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ പിരിഞ്ഞിരിക്കൽ എന്നാണ് സുപ്രിയ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. എന്നാല്‍ എട്ട് മാസം ഗര്‍ഭിണിയായ താൻ യുഎഇയില്‍ കുടുങ്ങിയിരിക്കുകയാണ്, ആരുമില്ല എന്ന് പറഞ്ഞ് യുവതി കമന്റിട്ടിട്ടുമുണ്ട്. അവര്‍ക്ക് വേണ്ടി താൻ പ്രാര്‍ത്ഥിക്കുന്നുവെന്നാണ് സുപ്രിയയുടെ മറുപടി.