'നിങ്ങളെ കഠിനമായി മിസ് ചെയ്യും സച്ചീ, പ്രത്യേകിച്ചും നിങ്ങള്‍ അനുജനായി കണ്ടിരുന്ന രാജു..'

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് അഭിനേതാക്കളില്‍ ഏറ്റവും അടുത്ത ബന്ധമുള്ളവരായിരുന്നു ബിജു മേനോനും പൃഥ്വിരാജും. രചയിതാവും സംവിധായകനുമായ ചിത്രങ്ങളില്‍ കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും ഈ നടന്മാര്‍ തന്നെ. നേരിട്ടെത്തിയ സച്ചിക്ക് അന്തിമോപചാരം അര്‍പ്പിച്ച പൃഥ്വിരാജ് തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പും ഫേസ്ബുക്കിലൂടെ ഇന്നലെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സച്ചിയെ അനുസ്മരിക്കുകയാണ് പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്‍. സച്ചിക്ക് ഒരു അനുജനായിരുന്നു പൃഥ്വിയെന്ന് പറയുന്നു അവര്‍.

സച്ചിയെ അനുസ്മരിച്ച് സുപ്രിയ

ഒരു എഴുത്തുകാരനോട് വിട പറയേണ്ടിവരുമ്പോള്‍ ഒരാള്‍ എന്താണ് എഴുതുക? എനിക്ക് വ്യക്തിപരമായി അത്ര അടുത്തറിയുമായിരുന്നില്ല നിങ്ങളെ, മറിച്ച് രാജുവിന്‍റെ സുഹൃത്തായും മികവുറ്റ കഥപറച്ചിലുകാരനായും ആയിരുന്നു പരിചയം. അടുത്തിടെ തൊഴില്‍ സംബന്ധമായി നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു, ഡ്രൈവിംഗ് ലൈസന്‍സില്‍. പലതവണ നിങ്ങളുമായി സംവദിക്കാനുള്ള അവസരമുണ്ടായി അവിടെ. നിങ്ങളിലെ പ്രതിഭയെ തിരിച്ചറിയാനും കഴിഞ്ഞു, അതൊന്നും ഞാന്‍ പറയേണ്ടതല്ലെങ്കിലും. ഒരുപാട് കഥകള്‍ നിങ്ങളിലുണ്ടായിരുന്നു, ഇനിയും പറയാത്ത ഒരുപാട് രത്നങ്ങള്‍. നിങ്ങളുടെ വിടവാങ്ങല്‍ സിനിമാലോകത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒരുപോലെ നഷ്ടമാണ്. നിങ്ങളുടെ മനോഹരമായ കഥകളിലൂടെ എക്കാലവും നിങ്ങളെ ഞങ്ങള്‍ ഓര്‍മ്മിക്കും. ആ കഥകളില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍, നിങ്ങളുടെ ഉല്ലാസഭരിതമായ ചിരികള്‍. നിങ്ങളെ കഠിനമായി മിസ് ചെയ്യും സച്ചീ, പ്രത്യേകിച്ചും നിങ്ങള്‍ അനുജനായി കണ്ടിരുന്ന രാജു. നിങ്ങളിലൂടെ വന്ന മനോഹരമായ കഥകളിലെ വാക്കുകളിലൂടെ നിങ്ങളുടെ വെളിച്ചം എക്കാലവും പ്രസരിക്കും. വിശ്രമിക്കൂ പ്രിയ സച്ചീ. ഈ കഠിനസമയത്ത് അതിനെ താണ്ടാനുള്ള ബലം നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും കണ്ടെത്തട്ടെ. 

View post on Instagram

സച്ചിയുമായുള്ള ബന്ധത്തെക്കുറിച്ച് പൃഥ്വി എഴുതിയത്

സച്ചി.. ഒരുപാട് മെസേജുകള്‍ എനിക്കിന്ന് ലഭിച്ചു, കുറേ കോളുകളും അറ്റെന്‍ഡ് ചെയ്യേണ്ടിവന്നു. എങ്ങനെയാണ് ഞാന്‍ പിടിച്ചുനില്‍ക്കുന്നതെന്ന് ചോദിച്ച്, ആശ്വസിപ്പിക്കുന്നവ. എന്നെയും നിങ്ങളെയും അറിയാവുന്നവര്‍ക്ക് നമ്മളെ ശരിക്കും അറിയാമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അവരില്‍ പലരും പറഞ്ഞ ഒരു കാര്യത്തെ എനിക്ക് നിശബ്ദമായി നിഷേധിക്കേണ്ടിവന്നു. ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് നിങ്ങള്‍ പോയതെന്നായിരുന്നു അത്! നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും അറിയാവുന്ന ഒരാളെന്ന നിലയ്ക്ക്, അയ്യപ്പനും കോശിയും നിങ്ങളുടെ 'ഔന്നത്യ'മല്ലെന്ന് എനിക്ക് അറിയാമായിരുന്നു. നിങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന തുടക്കമായിരുന്നു ഇത്. ഈ ബിന്ദുവിലേക്ക് എത്താനുള്ള യാത്രയായിരുന്നു നിങ്ങളുടെ മുഴുവന്‍ ഫിലിമോഗ്രഫിയും, എനിക്കറിയാം.

പറയാതെപോയ ഒരുപാട് കഥകള്‍, സാധിക്കാതെപോയ ഒരുപാട് സ്വപ്നങ്ങള്‍, വാട്‍സ്ആപ് വോയിസ് മെസേജുകള്‍ വഴിയുള്ള രാത്രി വൈകുവോളം നീണ്ട ഒരുപാട് കഥപറച്ചിലുകള്‍. ഒരുപാട് ഫോണ്‍കോളുകള്‍. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കായി നമ്മള്‍ ബൃഹദ് പദ്ധതികള്‍ തന്നെ തയ്യാറാക്കിയിരുന്നു. നിങ്ങളും ഞാനും. എന്നിട്ട് നിങ്ങള്‍ പോയി. സ്വന്തം സിനിമാ സങ്കല്‍പത്തിനായി മറ്റാരിലെങ്കിലും നിങ്ങള്‍ വിശ്വാസം കണ്ടെത്തിയിരുന്നോ എന്നെനിക്ക് അറിയില്ല, വരും വര്‍ഷങ്ങളിലെ സ്വന്തം ഫിലിമോഗ്രഫിയെ എങ്ങനെയാണ് നിങ്ങള്‍ വിഭാവനം ചെയ്‍തിരുന്നതെന്നും. പക്ഷേ എന്നില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. നിങ്ങള്‍ ഇവിടെ തുടര്‍ന്നിരുന്നെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മലയാളസിനിമയും എന്‍റെ ഇനിയുള്ള കരിയറും ഒരുപാട് വ്യത്യസ്തമായിരുന്നേനെ എന്നും എനിക്കറിയാം.

View post on Instagram

സിനിമയെ മറന്നേക്കാം. നിങ്ങള്‍ ഇവിടെ തുടരാനായി ആ സ്വപ്നങ്ങളൊക്കെയും ഞാന്‍ പണയം വച്ചേനെ. ആ വോയിസ് നോട്ടുകള്‍ ഇനിയും കിട്ടുന്നതിനായി, അടുത്തൊരു ഫോണ്‍ കോളിനുവേണ്ടി. നമ്മള്‍ ഒരുപോലെയാണെന്ന് നിങ്ങള്‍ പറയാറുണ്ടായിരുന്നു. അതെ, അങ്ങനെ ആയിരുന്നു. പക്ഷേ ഇപ്പോള്‍.. എന്‍റെ മാനസികാവസ്ഥയില്‍ ആയിരിക്കില്ല നിങ്ങളെന്ന് ഞാന്‍ കരുതുന്നു. കാരണം, 23 വര്‍ഷം മുന്‍പ് മറ്റൊരു ജൂണിലാണ് ഇത്രയും ആഴത്തിലുള്ള ദു:ഖം ഇതിനുമുന്‍പ് എന്നെ തേടിവന്നത്. നിങ്ങളെ അറിയാം എന്നത് ഒരു ഭാഗ്യമായിരുന്നു സച്ചീ. എന്‍റെ ഒരു ഭാഗം നിങ്ങളോടൊപ്പം ഇന്ന് യാത്രയായി. ഇപ്പോള്‍ മുതല്‍ നിങ്ങളെ ഓര്‍മ്മിക്കുക എന്നത് എന്‍റെ നഷ്ടമായ ആ ഭാഗത്തെക്കുറിച്ചുകൂടിയുള്ള ഓര്‍മ്മിക്കലാവും. വിശ്രമിക്കുക സഹോദരാ. വിശ്രമിക്കുക പ്രതിഭേ. മറ്റൊരു വശത്ത് കാണാം. ആ കന്നഡ സിനിമാക്കഥയുടെ ക്ലൈമാക്സ് നിങ്ങള്‍ ഇനിയും എന്നോട് പറഞ്ഞിരുന്നില്ല.