'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്കിലൂടെ നാളെ പൃഥ്വിരാജ് അവതരിപ്പിക്കും. ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്സി'നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ തീയേറ്റര്‍ റിലീസ് മുടങ്ങിയ 'കിലോമീറ്റേഴ്സ്' ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയി ഏഷ്യാനെറ്റിലൂടെ തിരുവോണദിനത്തിലാണ് എത്തിയത്. പ്രീമിയറിന് മികച്ച റേറ്റിംഗ് നേടുകയും ചെയ്തിരുന്നു ചിത്രം. ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയായി എത്തിയത്. അതേസമയം ദിലീഷ് പോത്തന്‍റെ 'തൊണ്ടിമുതലും ദൃക്‍സാക്ഷിയും' എന്ന ചിത്രത്തില്‍ സുരാജും നിമിഷയും മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.