സൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സൂരരൈ പൊട്ര്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സുധ കൊങ്കര ഒരുക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൂര്യയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഒരു ആകര്‍ഷണം. ഇപ്പോഴിതാ സിനിമയുടെ ബ്രില്യൻസിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തില്‍ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില കാര്യങ്ങളാണ് വീഡിയോയില്‍ പറയുന്നത്. തനിക്ക് പ്രചോദനമാണ് എന്ന് സൂര്യയുടെ കഥാപാത്രം പറയുന്ന പരീഷ് ഗോസ്വാമിയുടെ ചിത്രങ്ങള്‍ ആദ്യം ടെന്റിലെ ചുമരില്‍ ഒട്ടിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ പരീഷിന്റെ യഥാര്‍ഥ സ്വഭാവം അറിയുന്നതോടെ ടെന്റില്‍ നിന്ന് ചിത്രം നീക്കം ചെയ്‍തതായും വീഡിയോയില്‍ പറയുന്നു. അങ്ങനെ സംവിധായികയും ബ്രില്യൻസ് തെളിയിക്കുന്ന കാര്യങ്ങളാണ് വീഡിയോയിലുള്ളത്. ഒട്ടേറെ അഭിനേതാക്കള്‍ സിനിമയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. നായകൻ സൂര്യയുടെയും നായിക അപര്‍ണ ബാലമുരളിയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത്.

റിലീസ് ചെയ്യുന്നതിന് മുന്നേ ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നേരത്തെ സൂര്യ പറഞ്ഞിരുന്നു.

സിനിമ റിലീസ് ചെയ്‍തപ്പോള്‍ വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജി ആര്‍ ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയത്. സിനിമ ജി ആര്‍ ഗോപിനാഥനും ഇഷ്‍ടപ്പെട്ടിരുന്നു. സൂര്യ സൂരരൈ പൊട്രിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതും.