Asianet News MalayalamAsianet News Malayalam

അജിത്ത് 'തുനിവി'ന്റെ പ്രമോഷന് ഇറങ്ങുമോ?, പ്രതികരണവുമായി മാനേജര്‍

അജിത്ത് 'തുനിവി'ന്റെ പ്രമോഷനിറങ്ങുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് താരത്തിന്റെ മാനേജര്‍.

 

Suresh Chandra about rumours that Ajith will be promoting personally his next release
Author
First Published Oct 31, 2022, 9:53 PM IST

സിനിമയുടെ പ്രചാരണങ്ങള്‍ക്കൊന്നും മുന്നിട്ടിറങ്ങാത്ത സൂപ്പര്‍താരമാണ് അജിത്ത്. ഫാൻസ് അസോസിയേഷനെ പോലും പിരിച്ചുവിട്ട താരമായിട്ടും അജിത്തിന്റെ ചിത്രങ്ങള്‍ തമിഴകത്ത് ആരവമാകാറുണ്ട്. അജിത്തിന്റെ ഓരോ ചിത്രങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. 'തുനിവ്' എന്ന ചിത്രത്തിന്റെ പ്രമോഷണനെ കുറിച്ചുള്ള അഭ്യൂഹങ്ങളെ കുറിച്ചാണ് പുതിയ വാര്‍ത്ത.

അജിത്ത് നായകനാകുന്ന പുതിയ ചിത്രമായ 'തുനിവി'ന് പ്രീ റിലീസ് ഈവന്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അജിത്ത് തന്നെ ചിത്രം പ്രമോട്ട് ചെയ്യാൻ ഇറങ്ങും എന്നുമായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ഇത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് വ്യക്തമായിരിക്കുന്നത്. അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു നല്ല സിനിമ സ്വയം തന്നെ പ്രമോട്ട് ചെയ്യപ്പെടും എന്നാണ് സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്‍തിരിക്കുന്നത്. നിരുപാധികമായ സ്‍നേഹം എന്നും എഴുതിയിരിക്കുന്നു. 'തുനിവ്' പൊങ്കല്‍ റിലീസ് ആയിരിക്കും എന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും 'തുനിവ്' സ്‍ട്രീം ചെയ്യുക. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും  ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: 'മോണിക്ക ഓ മൈ ഡാര്‍ലിംഗു'മായി രാജ്‍കുമാര്‍ റാവു, ട്രെയിലര്‍ പുറത്ത്

Follow Us:
Download App:
  • android
  • ios