കുറുവച്ചൻ പ്രമേയമായുള്ള സിനിമകള്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. കടുവ എന്ന പേരില്‍ പൃഥ്വിരാജിന്റെ സിനിമയും കടുവാക്കുന്നേല്‍ കുറുവച്ചൻ ആയി സുരേഷ് ഗോപി നായകനായുമാണ് സിനിമ പ്രഖ്യാപിച്ചത്. വിവാദവുമായി. ഒരേ പ്രമേയമായ സിനിമകള്‍ കോടതി കയറി. ആരാണ് കുറുവച്ചനാകേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കവുമായി. ഇപ്പോള്‍ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം സിനിമ മലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം എന്ന് പറയാവുന്ന തരത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി  അറിയിച്ചിരുന്നു. എന്തായാലും ഒറ്റക്കൊമ്പൻ എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനത്തോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. ഇനി വിവാദം ഏതുവഴിക്കെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സുരേഷ് ഗോപിയുടെ കഴിഞ്ഞ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.

'കടുവ'യുടെ തിരക്കഥയിലുള്ള കഥാപാത്രങ്ങളോടും പ്രമേയത്തോടുമുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.   തുടര്‍ന്ന് 'കടുവ'യുടെ പ്രമേയമോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാകോടതിയും പിന്നാലെ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു.

ചിത്രം വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്ന് ഷാജി കൈലാസും പൃഥ്വിരാജും അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രതിരോധിക്കാൻ ആക്രമണം എന്ന ടാഗ്‍ലൈനോടെ സുരേഷ് ഗോപി ചിത്രത്തിന്റെ കാര്യത്തിലും തീരുമാനം ആയിരിക്കുകയാണ്.