ലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. അന്യഭാഷ ചിത്രങ്ങളിലും സുരേഷ് ഗോപി തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. വിക്രം പ്രധാന വേഷത്തിലെത്തിയ തമിഴ് സിനിമ  'ഐ'ലാണ് സുരേഷ് ഗോപി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ തെലുങ്ക് സിനിമയെ കുറിച്ചാണ് പ്രേക്ഷകരുടെ ഇടയിലെ ചർച്ച.

വിജയ് ‌ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്‍നാഥ് ഒരുക്കുന്ന ചിത്രം ഫൈറ്ററില്‍ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു. എന്നാൽ, ഈ പ്രചരണം തള്ളിയിരിക്കുകയാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ. തെലുങ്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി നിലവില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ ടീമൂം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

വിജയ് ദേവരകൊണ്ടയുടെ  അച്ഛന്റെ വേഷത്തിൽ സുരേഷ് ​ഗോപി എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരവുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നാണ് പുരി ജഗന്‍നാഥുമായി ബന്ധപ്പെട്ടവർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരിക്കുന്നത്.

'വരനെ ആവശ്യമുണ്ട്' ആണ് സുരേഷ് ഗോപിയുടേതായി പുറത്തുവന്ന അവസാന ചിത്രം. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത 'കാവൽ' എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് താരം പൂർത്തിയാക്കിയത്. ഇതിനു ശേഷം വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ 'ഒറ്റക്കൊമ്പൻ' എന്ന സിനിമയും സുരേഷ് ഗോപിയുടേതായി വരാനിരിക്കുകയാണ്.