'കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്' എന്നാണ് സ്ഥാനലബ്‍ധിയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. ബോര്‍ഡിലേക്ക് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് എതിരില്ലാതെയായിരുന്നെന്നും കേരളത്തിലെ നാളീകേര കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്‍റെ നിയോഗം ഉപകാരപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതു സംബന്ധിച്ച രാജ്യസഭാ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനവും സുരേന്ദ്രന്‍ പങ്കുവച്ചിട്ടുണ്ട്.

'കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്' എന്നാണ് സ്ഥാനലബ്‍ധിയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. "ഇന്ത്യയുടെ നാളീകേര വികസന ബോര്‍ഡിലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും", സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളീകേര വികസന ബോര്‍ഡിന്‍റെ പ്രഖ്യാപിത ലക്ഷ്യം നാളീകേരത്തിന്‍റെയും നാളീകേര ഉത്പന്നങ്ങളുടെയും വികസനത്തിനായുള്ള പ്രവര്‍ത്തനമാണ്. കേരളത്തില്‍ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ഒരു സാങ്കേതിക വികസന കേന്ദ്രവും ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona