സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധായകനാവുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയില്‍ നസ്രിയയും സുരേഷ് ഗോപിയും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വൈകാതെ ഉണ്ടാവും.

ചിത്രത്തിന്റെ പേപ്പര്‍ വര്‍ക്ക് പുരോഗമിക്കുന്നതേ ഉള്ളുവെന്നും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ഫാമിലി ഡ്രാമയാവും ചിത്രമെന്നും അനൂപ് സത്യന്‍ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'മൂന്ന് പേര്‍ക്കും ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടു. ആവേശത്തോടെയായിരുന്നു പ്രതികരണങ്ങളെല്ലാം. ചെന്നൈ ആണ് കഥാപശ്ചാത്തലം', അനൂപ് പറയുന്നു.

സുരേഷ് ഗോപിയുടെ മാസ് കഥാപാത്രങ്ങളുടെ മാതൃകയിലുള്ളതാവില്ല ഇതിലെ കഥാപാത്രമെന്നും അനൂപ് പറയുന്നു. 'സുരേഷ് ഗോപിയുടെ സാധാരണ ഹീറോ വേഷമല്ല ചിത്രത്തിലേത്, ഒരു പ്രത്യേക വേഷമാണ് അദ്ദേഹം ചെയ്യുന്നത്. ആ സ്ഥാനത്തേക്ക് മറ്റൊരാളെ തനിക്ക് ചിന്തിക്കേണ്ടി വന്നിട്ടില്ല'. അനൂപ് സത്യന്‍ പറയുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ 'തിര'യാണ് ശോഭന ഇതിനുമുന്‍പ് അഭിനയിച്ച മലയാളചിത്രം. 2005ല്‍ ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മകള്‍ക്ക്' എന്ന ചിത്രത്തിലാണ് ശോഭനയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ചത്.