'വരനെ ആവശ്യമുണ്ട്' എന്ന സിനിമ ഒരു താരപുത്രന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണെന്നത് അധികമാരും അറിയാതെ പോയൊരു കാര്യമാണ്. സിനിമയിലെ ഒരു ആക്ഷന്‍ രംഗത്തില്‍ കെട്ടിടത്തിന് മുകളിലിരുന്ന് അടിപിടി കാണുന്ന പയ്യനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. അത് മറ്റാരുമല്ല, സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവാണ്.

സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗത്തിന്‍റെ മേക്കിങ് വീഡിയോയില്‍ കാല് തൊട്ട് അനുഗ്രഹം വാങ്ങി അഭിനയിക്കാനെത്തുന്ന മാധവിനെ കാണാം. മാധവ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം സംവിധായകന്‍ അനൂപ് സത്യന്‍ പോലും വെളിപ്പെടുത്തിയിരുന്നില്ല. 

ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.