ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിന്റെ സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്'. റിട്ട. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്. മുന്‍പ് അദ്ദേഹം ചെയ്ത്, വലിയ പ്രേക്ഷകപ്രീതി നേടിയ മാസ് ആക്ഷന്‍ കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു 'ഉണ്ണികൃഷ്ണന്‍'. എന്നാല്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും കഥാപാത്രത്തിന് ലഭിച്ചത്. അതേസമയം മാസ് അപ്പീലുള്ള മറ്റൊരു കഥാപാത്രമായാണ് സുരേഷ് ഗോപി ഇനി സ്‌ക്രീനില്‍ എത്തുക. നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. സുരേഷ് ഗോപി തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

യൂണിഫോമിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി സുരേഷ് ഗോപിയുടെ കഥാപാത്രം ചോദ്യംചെയ്യുന്നതാണ് ചിത്രത്തില്‍. പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിലേക്ക് തന്റെ കാല്‍മുട്ട് ഉയര്‍ത്തിയിരിക്കുകയാണ് സുരേഷ് ഗോപി. മുണ്ടും ഷര്‍ട്ടുമാണ് കഥാപാത്രത്തിന്റെ വേഷം. 'ലബോറട്ടറി' എന്ന ബോര്‍ഡ് തൊട്ടടുത്ത് കാണുന്നുണ്ട്. ഒരു ആശുപത്രിയുടെ ഉള്‍വശം പോലെ തോന്നുന്നതാണ് പശ്ചാത്തലം.

ജനുവരി അവസാനമാണ് കാവലിന്റെ ചിത്രീകരണം ആരംഭിച്ചത്. 'കസബ'യ്ക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 'കസബ'യുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്നെയാണ് നിര്‍മ്മാണം. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍,സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍.