എസ് ജെ സൂര്യ മലയാള സിനിമയില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ തമിഴകത്ത് നിറഞ്ഞാടുന്ന ഒരു താരമാണ് എസ് ജെ സൂര്യ. തൊട്ടതെല്ലാം പൊന്നാക്കുന്ന നടൻ. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാനും സൂര്യക്കാകുന്നുണ്ട്. എസ് ജെ സൂര്യ മലയാള സിനിമയിലേക്കും എത്താൻ സാധ്യത തെളിയുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
നടൻ സുരേഷ് ഗോപിയുടെ വില്ലൻ കഥാപാത്രമായിട്ടാണ് എസ് ജെ സൂര്യ മലയാളത്തിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ട്. എസ്ജെ 251 എന്ന വിശേഷണപ്പേരുള്ള ചിത്രത്തിലാകും എസ് ജെ സൂര്യ വേഷമിടുക എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചില ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരികീരണമുണ്ടായിട്ടില്ല. സുരേഷ് ഗോപിയുടെ എസ്‍ജെ 251 സംവിധാനം ചെയ്യുന്നത് രാഹുല്‍ രാമചന്ദ്രനാണ്.
ഒരു വാച്ച് മെക്കാനിക്കിന്റെ കഥയാണ് ചിത്രത്തിന്റേത് എന്ന് നേരത്തെ രാഹുല്‍ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. റിട്ടയർ ജീവിതം ആസ്വദിക്കുന്ന നായക കഥാപാത്രത്തിന്റെ ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമയാകും എസ്‍ജി 251 എന്നും രാഹുല്‍ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. തിരക്കഥ സമീൻ സലീം. ഡിസംബർ പകുതിയോടുകൂടി സുരേഷ് ഗോപി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും.
സുരേഷ് ഗോപി നായകനായി ഒടുവിലെത്തിയ ചിത്രം ഗരുഡനാണ്. ബിജു മേനോനു ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ഗരുഡനില്‍ വേഷമിട്ടിരിക്കുന്നു. കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും സുരേഷ് ഗാപി നായകനായ ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തിരക്കഥ എഴുതിയിരിക്കുന്നത് മിഥുൻ മാനുവേല്‍ തോമസും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ വര്‍മയുമാണ്.
