സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രം 'കാവലി'ന്റെ ചിത്രീകരണം ആരംഭിച്ചു. മലയാളസിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ മടങ്ങിവരവിലെ രണ്ടാംചിത്രമാണ് ഇത്. അനൂപ് സത്യന്റെ അരങ്ങേറ്റചിത്രം 'വരനെ ആവശ്യമുണ്ട്' പൂര്‍ത്തിയാക്കിയിട്ടാണ് സുരേഷ് ഗോപി കാവലില്‍ അഭിനയിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'കസബ'യ്ക്ക് ശേഷം നിധിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 'കസബ'യുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തന്നെയാണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ കേട്ട് 'വട്ടായിരിക്കുകയാണെ'ന്നാണ് ജോബിയുടെ പ്രശംസ. അനുജന്‍ നിധിന്‍ അത് നന്നായി എടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'ലേല'ത്തിന്റെ രണ്ടാംഭാഗം നിധിന്‍ സംവിധാനം ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 'ലേല'വുമായി ബന്ധമൊന്നുമില്ലാത്ത ചിത്രമായിരിക്കും 'കാവല്‍'. രണ്ട് തലമുറകളുടെ കഥ പറയുന്ന ആക്ഷന്‍ ഫാമിലി ചിത്രമെന്നാണ് നിധിന്‍ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍.