ഏറെക്കാലത്തിനു ശേഷം മാസ് പരിവേഷമുള്ള നായകനായി സുരേഷ് ഗോപിയുടെ തിരച്ചുവരവാണ് ചിത്രം

ഒരിടവേളയ്ക്കു ശേഷം മാസ് അപ്പീല്‍ ഉള്ള നായകനായി സുരേഷ് ഗോപി (Suresh Gopi) ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് കാവല്‍ (Kaaval). നിഥിന്‍ രണ്‍ജി പണിക്കര്‍ (Nithin Renji Panicker) സംവിധാനം ചെയ്‍ത ഈ വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. സുരേഷ് ഗോപി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

"നന്ദി!! തിയറ്ററുകൾക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്.. എനിക്ക് കാവലായതിന്..", ചിത്രത്തിലെ തന്‍റെ ഒരു സ്റ്റില്ലിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ഒടിടിയില്‍ നിന്ന് മികച്ച ഓഫര്‍ വന്നിട്ടും അത് സ്വീകരിക്കാതെ തിയറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയായിരുന്നെന്ന് ജോബി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

"ഒടിടിയിൽ നിന്ന് നല്ല ഓഫറാണ് വന്നത്. എനിക്കു വേണമെങ്കിൽ ചിത്രം അവർക്ക് കൊടുക്കാമായിരുന്നു. വലിയ രീതിയിൽ ലാഭം നേടാമായിരുന്നു. പക്ഷെ അത് ശരിയല്ലെന്ന് തന്നെയായിരുന്നു എന്‍റെ തീരുമാനം. നല്ല പടമാണ് കാവൽ. നല്ല പ്രതീക്ഷയുണ്ട്. ജനങ്ങൾ ഇപ്പോൾ തിയറ്ററിലേയ്ക്ക് വരുന്ന സമയമാണ്. അവർക്ക് ഇഷ്‍ടപ്പെടുന്ന, ആഘോഷമാക്കാവുന്ന ചിത്രമാണ് കാവൽ. തിയറ്ററുകളില്ലാതെ ഞാൻ എന്ന നിർമ്മാതാവോ ഗുഡ്‌വിൽ എന്ന കമ്പനിയോ ഇല്ല. തിയേറ്റർ ആരവങ്ങളിലാണ് താരങ്ങൾ ജനിക്കുന്നത്. ഗുഡ്‌വിൽ എന്ന കമ്പനി വളർന്നത് തിയറ്ററുകളുടെയും സിനിമയെ സ്‍നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. തിയറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാൻ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. തിയറ്റർ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. പോസ്റ്റർ ഒട്ടിക്കുന്നർ, ഫ്ലക്സ് നിർമിക്കുന്നവർ അങ്ങനെ ഒരുപാട് പേരുടെ അന്നമാണ് സിനിമ", ജോബി ജോര്‍ജ് പറഞ്ഞിരുന്നു.