ചെന്നൈ: "ഐ" എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന "തമിഴരസൻ". വിജയ് ആന്റണി പൊലീസ് ഇൻസപെക്ടർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രമാണ് സുരേഷ്  ഗോപിയുടേത്. അന്യ ഭാഷയിൽ വളരെ ശ്രദ്ധാപൂർവം തന്റെ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന സിദ്ധാന്തം വെച്ചു പുലർത്തുന്ന സുരേഷ് ഗോപി അഞ്ചു വർഷത്തിനു ശേഷമാണ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്.

'ഏറെ വൈകാരികതയാർന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് പ്രതിനായകനായി തോന്നുമെങ്കിലും വിജയ് ആന്റണിക്ക്‌  ഒപ്പം കട്ടക്കു നിൽക്കുന്ന നായക തുല്യമായ കഥാപാത്രമാണ്. കഥ കേട്ട് സംതൃപ്തനായ അദ്ദേഹം തിരക്കുകൾക്കിടയിൽ തമിഴരസനു വേണ്ടി ദിവസങ്ങൾ നീക്കിവെച്ച് പൂർണ സഹകരണം നൽകി. വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷൻ പാശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്. പത്തു വയസുകാരന്റെ പിതാവായിട്ടാണ് വിജയ് ആന്റണി അഭിനയിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണ് തമിഴരസന്‍റേത്' സംവിധായകൻ ബാബു യോഗേശ്വരൻ പറഞ്ഞു.

രമ്യാ നമ്പീശനാണ് തമിഴരസനിൽ വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കർ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായൻ, അശ്വിൻ രാജാ തുടങ്ങി വലിയൊരു താര നിര തന്നെ മറ്റു കഥാപാത്രങ്ങലേ അവതരിപ്പിക്കുന്നു. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രഗത്ഭർ തന്നെ. ഇളയരാജയാണ് സംഗീത സംവിധാനം. ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു. എസ് എൻ എസ് മൂവീസിന്റെ ബാനറിൽ കൗസല്യാ റാണി നിർമ്മിച്ച  ഫാമിലി ആക്ഷൻ  എന്‍റര്‍ടൈനറായ "തമിഴരസൻ" ജൂലൈയിൽ പ്രദർശനത്തിനെത്തും.