Asianet News MalayalamAsianet News Malayalam

മറ്റൊരു സൂപ്പര്‍താരവും പൃഥ്വിയെ പിന്തുണച്ചില്ല, സുരേഷ് ഗോപി ബിജെപിയില്‍ അധികനാള്‍ തുടരില്ല: എന്‍ എസ് മാധവന്‍

"മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിനപ്പുറത്ത് എനിക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ്. അദ്ദേഹത്തെ സംബന്ധിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും നല്ലതാണ്.."

suresh gopi will not last for long in bjp says ns madhavan
Author
Thiruvananthapuram, First Published May 29, 2021, 12:38 PM IST

നടന്‍ സുരേഷ് ഗോപി ബിജെപിയില്‍ അധികകാലം തുടരുമെന്ന് താന്‍ കരുതുന്നില്ലെന്ന് എഴുത്തുകാരനും സാമൂഹികനിരീക്ഷകനുമായ എന്‍ എസ് മാധവന്‍. ലക്ഷദ്വീപ് നിവാസികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. സിനിമാമേഖലയിലെ നിരവധി പേര്‍ പൃഥ്വിരാജിന് പിന്തുണയുമായി എത്തിയപ്പോള്‍ പരോക്ഷമായ രീതിയില്‍ സുരേഷ് ഗോപിയും സൈബര്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ഒഴികെ മറ്റൊരു സൂപ്പര്‍താരവും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയില്ലെന്ന് എന്‍ എസ് മാധവന്‍ പറയുന്നു.

"മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിനപ്പുറത്ത് എനിക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ്. അദ്ദേഹത്തെ സംബന്ധിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും നല്ലതാണ്. അദ്ദേഹത്തിന്‍റെ മനുഷ്യത്വം തിളക്കമുള്ളതാണ്. നോക്കൂ, അദ്ദേഹത്തിന്‍റെ തന്നെ പാര്‍ട്ടിയായ ബിജെപി പ്രവര്‍ത്തകരാല്‍ സൈബര്‍ ആക്രമണം ചെയ്യപ്പെട്ട പൃഥ്വിരാജിനെ പിന്തുണച്ച് മറ്റൊരു സൂപ്പര്‍താരവും രംഗത്തെത്തിയില്ല. വിഷമയമായ ആ സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല", എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്‍തു.

പൃഥ്വിരാജിന്‍റെയോ ലക്ഷദ്വീപിന്‍റെയോ കാര്യം എടുത്തുപറയാതെയായിരുന്നു വ്യക്തിഹത്യയ്ക്കെതിരായ സുരേഷ് ഗോപിയുടെ പോസ്റ്റ്.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്ലീസ്, പ്ലീസ്, പ്ലീസ്... ഓരോ മനുഷ്യന്‍റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല.

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരാളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്.

ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്‍റെ നേരെ ഉന്നയിച്ചപ്പോൾ അതിന്‍റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു! വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യതയും സത്യസന്ധതയുമാവട്ടെ നിങ്ങളുടെ ആയുധങ്ങള്‍. സത്യസന്ധതയും മാന്യതയും കൈവിടാതിരിക്കൂ, വികാരങ്ങള്‍ ശുദ്ധവും സത്യസന്ധവുമാവട്ടെ.

Follow Us:
Download App:
  • android
  • ios