180ചിത്രങ്ങൾ, വിജയിച്ചത് 22എണ്ണം, മലയാളം വെറും എട്ടെണ്ണം, ലിയോ റെക്കോർഡിടും: സുരേഷ് ഷേണായ്
രജനികാന്ത് കഴിഞ്ഞാൻ ഏറ്റവും വലിയ ജനപ്രീതിയുള്ള നടനാണ് വിജയ് എന്ന് സുരേഷ് ഷേണായ് പറയുന്നു.

ഒക്ടോബർ 19 ആകാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാസ്വാദകർ. ലിയോ എന്ന വിജയ് ചിത്രമാണ് ആ കാത്തിരിപ്പിന് കാരണം. തമിഴ് സംവിധാക നിരയിൽ ശ്രദ്ധേയനായ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നിറഞ്ഞാടുന്നത് കാണാൻ മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന് സംസ്ഥാനത്ത് ലഭിച്ച പ്രതികരണം തന്നെ അതിന് തെളിവാണ്. മലയാളത്തിൽ അടക്കം ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രീ- സെയിൽ ആണ് കേരളത്തിൽ ലിയോ നേടി കഴിഞ്ഞത്. ഈ അസരത്തിൽ ലിയോയെ കുറിച്ചും കഴിഞ്ഞ എട്ട് മാസത്തിൽ ഇറങ്ങിയ സിനിമകളെ കുറിച്ചും തിയറ്റർ ഉടമയും ഫിയോക് അംഗവുമായ സുരേഷ് ഷേണായ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
രജനികാന്ത് കഴിഞ്ഞാൻ ഏറ്റവും വലിയ ജനപ്രീതിയുള്ള നടനാണ് വിജയ് എന്ന് സുരേഷ് ഷേണായ് പറയുന്നു. ജയിലറിന് പോലും ലഭിക്കാത്തത്ര പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ്ങിൽ ലിയോ നേടുന്നത്. ആദ്യദിനം കേരളത്തിൽ ലിയോ റെക്കോർഡ് ഇടും ഒരുപക്ഷേ സംസ്ഥാനത്ത് നിന്നും നൂറ് കോടി നേടാനും സാധ്യത ഏറെ ആണെന്ന് സുരേഷ് ഷേണായ് പറഞ്ഞു. ദ ക്യു സ്റ്റുഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"കേരളത്തിൽ മാത്രമല്ല, സൗത്തിന്ത്യ മൊത്തത്തിൽ ലിയോയെ പറ്റി വലിയ പ്രതീക്ഷയിലാണ്. കാരണം രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നടൻ വിജയ് ആണ്. പിന്നെ ലോകേഷും സൂപ്പർ ഹിറ്റ് സംവിധായകൻ ആണ്. ഇവർ രണ്ടു പേരും ഒന്നിച്ച് വരുമ്പോൾ പ്രതീക്ഷകൾ ഏറെ ആണ്. അതനുസരിച്ചുള്ള ബുക്കിങ്ങുമുണ്ട്. കേരളത്തിൽ ഇത്രയധികം ബുക്കിംഗ് ഒരു സിനിമയ്ക്കും വന്നിട്ടുണ്ടാകില്ല. ആദ്യദിന ടിക്കറ്റ് ബുക്കിങ്ങിൽ 10 കോടി നമുക്ക് പ്രതീക്ഷിക്കാം. ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജയിലറിന് പോലും ഇത്രയും റസ്പേൺസ് വന്നിട്ടില്ല. ആദ്യദിനം ലിയോയുടെ കേരള കളക്ഷൻ റെക്കോർഡ് ആയിരിക്കും. അതിൽ ഒരു സംശയവും ഇല്ല. ബാക്കി സിനിമയെ ആശ്രയിച്ചിരിക്കും. ഈസിയായി 50 കോടി നേടാൻ സാധിക്കും. ആവറേജ് റിപ്പോർട്ടാണിത്. എബോ ആവറേജ് റിപ്പോർട്ട് ആണെങ്കിൽ തീർച്ചയായും 100 കോടി ലിയോ നേടും", എന്ന് സുരേഷ് ഷേണായ് പറയുന്നു.
'അന്ന് ഗ്രാഫിക്സ് ഒന്നുമില്ല, യഥാർത്ഥ പുലികളുമായിട്ട് മമ്മൂക്ക ഫൈറ്റ് ചെയ്തു, വലിയ അനുഭവമാണത്..'
കൊവിഡിന് ശേഷം കേരളത്തിൽ ഹിറ്റ് തന്നിരിക്കുന്നത് അന്യഭാഷാ ചിത്രങ്ങളാണെന്നും സുരേഷ് ഷേണായ് പറയുന്നു. "അതിൽ ഒരു സംശയവും ഇല്ല. മലയാള പടങ്ങൾ നല്ലതും വന്നിട്ടുണ്ട്. പക്ഷേ അന്യഭാഷാ ചിത്രങ്ങൾ, പ്രത്യേകിച്ച് തമിഴ് സിനിമകൾ സർപാസായി പോയി. കഴിഞ്ഞ എട്ട് മാസം എടുത്താൽ, ഈ സെപ്റ്റംബർ വരെ ഏതാണ്ട് ഒരു 180ഓളം സിനിമകൾ റിലീസ് ചെയ്തു(അന്യഭാഷ ചിത്രങ്ങൾ ഉൾപ്പടെ). അതിൽ ഹിറ്റായത് ആകെ 22 എണ്ണമേ ഉള്ളൂ. ഈ 22ൽ വെറും 8 എണ്ണമേ മലയാളം ഉള്ളൂ. ബാക്കി പതിനാല് എണ്ണവും അന്യഭാഷാ ചിത്രങ്ങളാണ്. ഈ 14 എണ്ണവും സിനിമ തിയറ്ററിൽ തന്നെ ആസ്വദിക്കാൻ വേണ്ടി തയ്യാറാക്കിയതാണ്. മലയാളത്തിലെ എട്ട് എണ്ണം സിനിമാറ്റിക് എക്സ്പീരിയൻസ് സിനിമകളാണ്. 2024 മലയാള സിനിമയ്ക്ക് ഒരു നല്ലകാലം ആയിരിക്കും", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..