ഒരു മുന്‍ പ്രസംഗത്തിന്‍റെ പേരില്‍ നടിയും ഭാര്യയുമായ ജ്യോതിക നേരിട്ട സൈബര്‍ ആക്രമണത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി നടന്‍ സൂര്യ. ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നതിലെ ശ്രദ്ധ തമിഴ്‍നാട്ടില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധിക്കണമെന്ന, ജ്യോതിക മുന്‍പൊരു അവാര്‍ഡ് വേദിയില്‍ നടത്തിയ അഭിപ്രായപ്രകടനമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമ ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. ജ്യോതികയുടെ പുതിയ ചിത്രം 'പൊന്മകള്‍ വന്താല്‍' തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്താന്‍ കാരണവും ഈ പഴയ പ്രസംഗത്തിന് സമീപദിനങ്ങളില്‍ ലഭിച്ച ശ്രദ്ധയായിരുന്നു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട കത്തിലൂടെയാണ് സൂര്യയുടെ പ്രതികരണം.

'ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല' എന്നുപറഞ്ഞുകൊണ്ടാണ് കത്തില്‍ സൂര്യ വിഷയത്തിലേക്കു കടക്കുന്നത്. "കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്‍റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമര്‍ശം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ക്ഷേത്രങ്ങള്‍ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്ന ആശയമാണ് ജ്യോതിക പങ്കുവച്ചത്. ഈ അഭിപ്രായപ്രകടനത്തെ ഒരു കുറ്റകൃത്യമായിപ്പോലുമാണ് ചിലര്‍ വിലയിരുത്തിയിരിക്കുന്നത്. വിവേകാനന്ദനെപ്പോലെയുള്ള ആത്മായ നേതാക്കള്‍ മുന്‍പേ അവതരിപ്പിച്ചിട്ടുള്ള ആശയമാണ് അത്. ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ് എന്നത്. നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടുനടന്നിരുന്ന ഒരു ചിന്തയാണിത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമെന്നുതന്നെ കാണില്ല", കത്തില്‍ സൂര്യ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഈ വിവാദത്തിനിടെ ജ്യോതികയ്ക്കു പിന്തുണയുമായെത്തിയവരില്‍ എല്ലാ മതത്തിലുമുള്ളവര്‍ ഉണ്ടെന്നും സൂര്യ പറയുന്നു. "ആ പ്രസംഗത്തില്‍ അവള്‍ എന്താണോ പറഞ്ഞത് അതിനോട് എന്‍റെ കുടുംബം പൂര്‍ണ്ണമായും ഐദ്യദാര്‍ഢ്യപ്പെടുന്നു. മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്." തങ്ങളുടെ സ്വഭാവഹത്യ നടത്താന്‍ അനേകം പേര്‍ ഓണ്‍ലൈനില്‍ കഠിനാധ്വാനം ചെയ്‍ത സമയത്ത് തങ്ങളെ പിന്തുണച്ച പേരറിയാത്ത ഒരുപാടുപേരോട് നന്ദിയുണ്ടെന്നും സൂര്യ പറയുന്നു. 

അതേസമയം സൂര്യ നിര്‍മ്മിച്ച് ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ എന്ന ചിത്രം തീയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്‍താല്‍ സൂര്യ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി തീയേറ്റര്‍ കാണില്ലെന്ന് തമിഴ്‍നാട്ടിലെ തീയേറ്ററുടമകളുടെ സംഘടന കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ തമിഴ് നിര്‍മ്മാതാക്കളില്‍ ഒരുവിഭാഗം സൂര്യയുടെ തീരുമാനത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.