ആരാധകർ കാത്തിരിക്കുന്ന സൂര്യ ചിത്രം കാപ്പാന്റെ റിലീസ് മാറ്റി. ഓഗസ്റ്റ് 30തിന് റിലീസ് പ്രഖ്യാപിച്ച ചിത്രം സെപ്റ്റംബറിലേക്കാണ് മാറ്റിയത്. പ്രഭാസിന്‍റെ  ആക്ഷൻ ത്രില്ലര്‍ ചിത്രം 'സഹോ' ഓഗസ്റ്റ് 30തിനാണ് തിയേറ്ററിലെത്തുന്നത്. ഇതേത്തുടര്‍ന്നാണ് സൂര്യ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനിൽ മോഹന്‍ലാലും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായാണ്  സൂര്യയും എത്തുന്നത്. ജില്ലക്കു ശേഷം മോഹന്‍ലാൽ കോളിവുഡിൽ എത്തുന്നു എന്ന പ്രത്യേകതയും കാപ്പാനുണ്ട്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'.