ചെന്നൈ: ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ എൻജികെ. സെല്‍വരാഘവന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സായി പല്ലവിയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മെയ് 3 1 നു ലോകമെമ്പാടും ചിത്രം  പ്രദർശനത്തിനെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

പ്രഗത്ഭ സംവിധായകൻ സെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തെ തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . സായ് പല്ലവിക്ക് പുറമെ രകുൽ പ്രീത് സിംഗും നായികാവേഷത്തിലെത്തുന്നുണ്ട്. ദേവരാജ്, പൊൻവണ്ണൻ, ഇളവരസ് , വേലാ രാമമൂർത്തി  തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങൾക്കായി  അണിനിരക്കുന്ന  "എൻ.ജി.കെ" ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ്.

നന്ദ ഗോപാൽ കുമരൻ അഥവാ എൻ ജി കെ എന്ന രാഷ്ട്രീയപ്രവർത്തകനാണ് ചിത്രത്തിൽ സൂര്യ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് 'എൻ ജി കെ' എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

സെൽവരാഘവൻ ആദ്യമായി സംവിധാനം ചെയ്ത 'കാതൽ കൊണ്ടേൻ' എന്ന സിനിമ കണ്ടിട്ട് അദ്ദേഹത്തിന്‍റെ  ആരാധകനായി മാറിയ സൂര്യയുടെ അക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഒരു സെൽവ രാഘവൻ സിനിമയിൽ അഭിനയിക്കണമെന്നാണ് പറയപ്പെടുന്നത്. സെൽവ രാഘവൻ സൂര്യയോട് മൂന്ന് കഥകൾ പറഞ്ഞു, അതിൽ 'എൻ ജി കെ' സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ളതു പ്രമേയമായതു കൊണ്ട് ആദ്യം ഈ സിനിമ ചെയ്യാൻ സൂര്യ സമ്മതിക്കുകയായിരുന്നു.

ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവുമാണ് 'എൻ ജി കെ' നിർമ്മിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. ശിവകുമാർ വിജയൻ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്‍റെ ട്രെയിലർ ഒരു കോടിയോളം പേരാണ് കണ്ടത്.