വെങ്കി അട്‍ലൂരി സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രമായ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസർ പുറത്തിറങ്ങി
തമിഴ് സിനിമാപ്രേമികള്‍ക്ക് സൂര്യയോടുള്ള ഇഷ്ടം പ്രത്യേകമായ ഒന്നാണ്. അദ്ദേഹത്തേക്കാള്‍ താരമൂല്യമുള്ള ഒട്ടധികം നായകന്മാര്‍ തമിഴില്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് റീച്ചബിള്‍ ആയ ഒരു ഹീറോ എന്നാല്‍ സൂര്യയാണ് അവര്‍ക്ക്. സൂര്യയുടെ ഓഫ് സ്ക്രീന്‍ ഇമേജും ഈ ജനപിന്തുണയ്ക്ക് സഹായിച്ചിട്ടുണ്ട്. എന്നാല്‍ തന്‍റെ താരമൂല്യത്തിന് ഒത്തുള്ള ഒരു വിജയം സമീപകാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധേയ ഉള്ളടക്കങ്ങളെന്ന് തോന്നിപ്പിക്കുന്ന, മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ചിത്രങ്ങളാണ്. അതിലൊന്നാണ് തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രം ഒരുക്കിയ വെങ്കി അട്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഇപ്പോഴിതാ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിന് വന്‍ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.
ഫാമിലി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ ശ്രദ്ധ നേടിയിരുന്നു. ഫീല്‍ ഗുഡ് സ്വഭാവത്തിലുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന തോന്നലാണ് അവ ഉളവാക്കിയിരുന്നത്. ടീസര്‍ പുറത്തെത്തിയതോടെ ചിത്രത്തിന്റെ സ്വഭാവം ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. മമിത ബൈജുവാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. സൂര്യയുടെ നായകന്‍ നാല്‍പതുകളില്‍ ഉള്ള ഒരാളും മമിതയുടെ നായിക ഇരുപതുകളില്‍ ഉള്ള ഒരാളുമാണ്. ഇരുപതുകാരിക്ക് നാല്‍പതുകാരനോട് തോന്നുന്ന പ്രണയമാവും ചിത്രത്തിന്‍റെ പ്രമേയ പരിസരമെന്ന് തോന്നിപ്പിക്കുന്നതാണ് ടീസര്‍.
സൂര്യ- മമിത കോമ്പോ മികച്ച കെമിസ്ട്രിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പൊതുഅഭിപ്രായം. ഒപ്പം സൂര്യയുടെ ഹിറ്റ് ചിത്രം ഗജിനിയിലെ അദ്ദേഹത്തിന്‍റെ കഥാപാത്രമായ സഞ്ജയ് രാമസ്വാമിയെ ടീസറിലെ ചിലയിടങ്ങളില്‍ ഓര്‍മ്മ വരുന്നുവെന്നും ധാരാളം കമന്‍റുകള്‍ വരുന്നുണ്ട്. ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തിന്‍റെ പേരും സഞ്ജയ് വിശ്വനാഥ് എന്നാണ്. ലക്കി ഭാസ്കര്‍, വാത്തി എന്നീ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ള വെങ്കി അട്ലൂരിയാണ് സംവിധായകന്‍ എന്നത് സൂര്യ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകമാണ്. പുറത്തെത്തിയിരിക്കുന്ന ടീസറിന്‍റെ സാങ്കേതിക മികവും എടുത്ത് പറയേണ്ടതാണ്. തമിഴിലും തെലുങ്കിലും ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് ടീസറിന് ഇതിനകം 36 ലക്ഷം കാഴ്ചകളും തെലുങ്ക് ടീസറിന് ഇതിനകം 19 ലക്ഷം കാഴ്ചകളുമാണ് ലഭിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.



