വിജയകാന്തിന്‍റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു

കഴി‌ഞ്ഞ വര്‍ഷാവസാനം തമിഴകത്തെ ദു:ഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ക്യാപ്റ്റന്‍ വിജയകാന്തിന്‍റെ വേര്‍പാട്. നടനായും സാമൂഹിക പ്രവര്‍ത്തകനായും രാഷ്ട്രീയ നേതാവായുമൊക്കെ ജനമനസ് കീഴടക്കിയ വിജയകാന്തിന്‍റെ വിയോഗം ഡിസംബര്‍ 28 ന് ആയിരുന്നു. ജനസാമാന്യത്തിനൊപ്പം തമിഴ് സിനിമാലോകവും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലിയുമായി എത്തിയിരുന്നു. ചടങ്ങില്‍ നേരിട്ട് സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആദരം അര്‍പ്പിച്ചിരുന്നു. ഇപ്പോഴിതാ വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ എത്തിയ നടന്‍ സൂര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

വിജയകാന്തിന്‍റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വീഡിയോയില്‍ കാണാം. വിജയകാന്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്‍റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിജയകാന്തിനോടുള്ള തന്‍റെ ആദരം ആ സമയത്ത് അദ്ദേഹം അറിയിച്ചിരുന്നു. സൂര്യയുടെ കരിയറിലെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയിലെ ടൈറ്റില്‍ കഥാപാത്രമായ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തിയത് വിജയകാന്ത് ആയിരുന്നു. ഇഴയടുപ്പമുള്ള ബന്ധമായിരുന്നു ഇരുവര്‍ക്കുമിടയില്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

"അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച, സംസാരിച്ച, ഭക്ഷണം കഴിഞ്ഞ ദിനങ്ങള്‍ മറക്കാനാവില്ല. സഹായം ചോദിച്ചെത്തുന്ന ഒരാളോടും അദ്ദേഹം നോ പറഞ്ഞില്ല. കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്‍റെ സഹോദരന്‍ വിജയകാന്തിന്‍റെ വിയോഗത്തില്‍ എന്‍റെ അനുശോചനം അറിയിക്കുകയാണ്. അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളര്‍ത്തിക്കളയുന്നു. ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ്വ കലാകാരനായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള വേര്‍തിരിവുമില്ലാതെ എല്ലാവരെയും അദ്ദേഹം സഹായിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ പിരട്ചി കലൈഞ്ജറും ക്യാപ്റ്റനുമായി. അണ്ണന്‍ വിജയകാന്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ദൈവത്തോട് ഞാന്‍ പ്രാര്‍ഥിക്കുന്നു", സൂര്യ അനുശോചിച്ചിരുന്നു.

ALSO READ : 'കോടിക്കിലുക്കമുള്ള തല്ലിപ്പൊളി പടങ്ങളല്ലാതെ ഇങ്ങനെയൊന്ന് പറ്റുമോ'? കാതൽ കണ്ട ഇതരഭാഷാ പ്രേക്ഷകര്‍ ചോദിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം