സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്

സൂര്യയെ (Suriya) നായകനാക്കി ടി ജെ ജ്ഞാനവേല്‍ (T J Gnanavel) സംവിധാനം ചെയ്യുന്ന 'ജയ് ഭീ'മിന്‍റെ (Jai Bhim) സെന്‍സറിംഗ് നടപടികള്‍ (Censoring) പൂര്‍ത്തിയായി. 2 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് 'എ സര്‍ട്ടിഫിക്കറ്റ്' (A Certificate) ആണ് ലഭിച്ചിരിക്കുന്നത്. കട്ടുകളൊന്നും നിര്‍ദേശിച്ചിട്ടില്ല. ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി ആമസോണ്‍ പ്രൈം വീഡിയോ (Amazon Prime Video) വഴിയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആയി നവംബര്‍ 2ന് ചിത്രം എത്തും.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് നായകന്‍. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് നായകനായ 'കര്‍ണ്ണനി'ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. 'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്. 

Scroll to load tweet…

എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. ജയ് ഭീം ഉള്‍പ്പെടെ സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്. ഇതില്‍ അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'രാമെ ആണ്ടാളും രാവണെ ആണ്ടാളും' ഇതിനകം റിലീസ് ചെയ്യപ്പെട്ടു. ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന 'ഉടന്‍പിറപ്പേ' ഈ മാസം 14നും സരോവ് ഷണ്‍മുഖം സംവിധാനം ചെയ്യുന്ന 'ഓ മൈ ഡോഗ്' ഡിസംബറിലും എത്തും.