മോഹൻലാല്‍ നായകനായ ചിത്രം നേടിയത്.

മലയാള സിനിമയിലും ഇപ്പോള്‍ റീ റിലീസ് കാലമാണ്. ഏറ്റവുമൊടുവില്‍ റീ റിലീസ് ചെയ്‍ത ചിത്രം മോഹൻലാലിന്റെ റണ്‍ ബേബി റണ്‍ ആണ്. സാധാരണ റീ റിലീസിലും മോഹൻലാല്‍ ചിത്രങ്ങള്‍ വലിയ സ്വീകാര്യത നേടാറുണ്ട്. എന്നാല്‍ റണ്‍ ബേബി റണിന്റെ കാര്യത്തില്‍ മറിച്ചാണ് അവസ്ഥ എന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സച്ചിയുടെ ശക്തമായ തിരക്കഥയിൽ എത്തിയ ചിത്രം പതിമൂന്ന് വർഷങ്ങൾക്ക് ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുകയായിരുന്നു ജനുവരി പതിനാറിനായിരുന്നു റീ റിലീസ്. ജോഷിയാണ് സംവിധാനം. നാല് ലക്ഷത്തില്‍ താഴെ മാത്രമാണ് ചിത്രത്തിന് ഇതുവരെ നേടാനായത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

ഗ്യാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച റൺ ബേബി റൺ, 4k അറ്റ്മോസിൽ എത്തിച്ചിരിക്കുന്നത് റോഷിക എൻ്റെർപ്രൈസസ് ആണ്. ബിജു മേനോൻ വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ വൻതാര നിര ചിത്രത്തിൽ അണിനിരന്നിരുന്നു. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. പിആർ ഒ വാഴൂർ ജോസ്. അതേസമയം, കഴിഞ്ഞ വർഷം 8 സിനിമകളാണ് റീ റിലാസായി എത്തിയത്. ഇതിൽ വെറും മൂന്ന് സിനിമകൾക്ക് മാത്രമാണ് ലാഭമുണ്ടാക്കാൻ സാധിച്ചത്.

വൃഷഭയാണ് മോഹ​ൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍ത ചിത്രം. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക