മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ യാഷ് രാജ് ഫിംലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്തു. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സുശാന്തിന്റെ ഡിപ്രഷന് കാരണം സിനിമയിലെ ശത്രുതയാണോ എന്ന അന്വേഷണത്തിലാണ് മുംബൈ പൊലീസ്. ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പ്രമുഖ കാസ്റ്റിംഗ് ഡയറക്ടറായ ഷനു ശര്‍മ്മയെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി ഷനു ശനിയാഴ്ച ഉച്ചയോടെ സ്‌റ്റേഷനിലെത്തി. മറ്റ് ചില പ്രൊഡക്ഷന്‍ ഹൗസുകളിലെയും പ്രതിനിധികളോടും ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ മരണത്തില്‍ ഇതുവരെ 24 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. 

കുടുംബാംഗങ്ങളും, സ്റ്റാഫും അടുത്ത സുഹൃത്തായ റിയ ചക്രബര്‍ത്തിയുടെയും ഉള്‍പ്പടെയാണ് ഇത്. കായ് പോ ചെ, എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെ വളരെപ്പെട്ടെന്നു തന്നെ ശ്രദ്ധേയനായ നടനായിരുന്നു സുശാന്ത് സിംഗ്. 

ഹിന്ദി സിനിമ ലോകത്തെ വിവേചനങ്ങളും വേര്‍തിരിവുമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് താരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയത് വലിയ വിവാദമാണ് ബോളിവുഡില്‍ ഉണ്ടാക്കിയത്. സുശാന്ത് സിംഗ് അവസാനമായി കരാര്‍ ഒപ്പിട്ടതിന്റെ പകര്‍പ്പുകള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം യാഷ് രാജ് ഫിലിംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. കരാറുകളുടെ വിവരങ്ങള്‍ അന്വേഷിച്ച് ബാന്ദ്ര പൊലീസ് 18ന് യാഷ് രാജ് ഫിലിംസിന് കത്തയച്ചിരുന്നു.