Asianet News MalayalamAsianet News Malayalam

സുശാന്തിന്റെ മരണം: കരണ്‍ ജോഹറിനും സല്‍മാൻ ഖാനുമെതിരെ കേസുമായി അഭിഭാഷകൻ

കരണ്‍ ജോഹര്‍, സല്‍മാൻ ഖാൻ, സഞ്‍ജയ് ലീല ബൻസാലി, ഏക്താ കപൂര്‍ എന്നിവര്‍ക്കെതിരെ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് കേസ് നല്‍കിയിരിക്കുന്നത്.

Sushant Singh case against Salman Khan and Karan Johar
Author
Mumbai, First Published Jun 17, 2020, 1:27 PM IST

യുവ നടൻ സുശാന്ത് സിംഗ് രാജ്‍പുതിന്റെ മരണമാണ് ഇപ്പോള്‍ ഹിന്ദി സിനിമ ലോകത്ത് പ്രധാന ചര്‍ച്ച. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാൻ ഖാൻ, സഞ്‍ജയ് ലീല ബൻസാലി, ഏക്താ കപൂര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകൻ സുധീര്‍ കുമാര്‍ ഓജ രംഗത്ത് എത്തിയിരിക്കുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. കരണ്‍ ജോഹറിനും സല്‍മാൻ ഖാനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമുണ്ടായിരുന്നു.  സെക്ഷൻ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ സുധീര്‍ കുമാര്‍ ഓജ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് എഎൻഐയിലെ വാര്‍ത്ത.

സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരണ്‍ ജോഹറും സല്‍മാൻ ഖാനും അടക്കമുള്ളവര്‍ കാരണക്കാരായി എന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ഓജ പറയുന്നു. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീര്‍ പറയുന്നു. മുസാഫര്‍പുര്‍ കോടതിയിലാണ് സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരിക്കുന്നത്. സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സംവിധായകൻ ശേഖര്‍ കപൂര്‍ സമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരുന്നു. ചിച്ചോര എന്ന സിനിമയ്‍ക്ക് ശേഷം ആറ് മാസത്തിനുള്ളില്‍ ഏഴ് സിനിമകള്‍ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്‍ടമായെന്നും കോണ്‍ഗ്രസ് നേതാവ് സഞ്‍ജയ് നിരുപമും പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios