അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ പേരില്‍ ഫൗണ്ടേഷന്‍ ആരംഭിക്കാന്‍ അദ്ദേഹത്തിന്‍റെ കുടുംബം. സുശാന്ത് ഹൃദയത്തോടു ചേര്‍ത്തിരുന്ന മൂന്ന് മേഖലകളിലെ- സിനിമ, സയന്‍സ്, സ്പോര്‍ട്‍സ്- യുവപ്രതിഭകള്‍ക്കു വേണ്ട പിന്തുണ നല്‍കുകയാണ് ഫൗണ്ടേഷന്‍റെ ലക്ഷ്യമെന്ന് ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ കുടുംബം അറിയിച്ചു.

സുശാന്ത് സിംഗിന്‍റെ കുടുംബം പുറത്തിറക്കിയ കുറിപ്പ്

വിട സുശാന്ത്! സുശാന്ത് ഞങ്ങള്‍ക്ക് ഗുല്‍ഷന്‍ ആയിരുന്നു. എന്തു വിഷയത്തിലും കൗതുകം സൂക്ഷിക്കുന്ന ഒരാള്‍. അവന്‍റെ സ്വപ്നങ്ങള്‍ക്ക് തടസങ്ങള്‍ ഇല്ലായിരുന്നു. ഒരു സിംഹത്തിന്‍റെ ഹൃദയത്തോടെ സ്വപ്നങ്ങളെ അദ്ദേഹം പിന്തുടര്‍ന്നു. കുടുംബത്തിന്‍റെ അഭിമാനവും പ്രചോദനവും അവന്‍ തന്നെ ആയിരുന്നു. അവന്‍റെ ഏറ്റവും വിലപിടിച്ച വസ്തു ആ ടെലിസ്കോപ്പ് ആയിരുന്നു. അതിലൂടെയാണ് ഏറെ താല്‍പര്യത്തോടെ അവന്‍ നക്ഷത്രങ്ങളെ നോക്കിയിരുന്നത്. 

അവന്‍റെ ചിരി ഇനി കേള്‍ക്കാനാവില്ല എന്നത്, തിളങ്ങുന്ന ആ കണ്ണുകള്‍ ഇനി കാണാനാവില്ല എന്നത്, ശാസ്ത്രത്തെക്കുറിച്ചുള്ള അവസാനിക്കാത്ത  ആ സംഭാഷണങ്ങള്‍ ഇനി കേള്‍ക്കില്ല എന്ന യാഥാര്‍ഥ്യം ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ഒരിക്കലും നിറയ്ക്കാനാവാത്ത ഒരു വിടവാണ് സുശാന്ത് സൃഷ്ടിച്ചിരിക്കുന്നത്. 

ആരാധകരോട് വലിയ സ്നേഹമായിരുന്നു അവന്. ഞങ്ങളുടെ ഗുല്‍ഷനെ ഇത്രയും സ്നേഹിച്ചതിന് എല്ലാവരോടും നന്ദി.

അവന്‍റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി ഒരു ഫൗണ്ടേഷന്‍ ആരംഭിക്കാന്‍ കുടുംബം തീരുമാനിച്ചിരിക്കുകയാണ്. അവന്‍ ഹൃദയത്തോട് ചേര്‍ത്തിരുന്ന മൂന്ന് മേഖലകളിലെ- സിനിമ, സയന്‍സ്, സ്പോര്‍ട്‍സ്- യുവപ്രതിഭകള്‍ക്കു വേണ്ട പിന്തുണ നല്‍കുകയാവും സുശാന്ത് സിംഗ് ഫൗണ്ടേഷന്‍റെ ലക്ഷ്യം. 

സുശാന്ത് ബാല്യം ചിലവഴിച്ച പാട്‍ന, രാജീവ് നഗറിലെ വീട് ഒരു മെമ്മോറിയലായി മാറും. സുശാന്തിന്‍റെ ആയിരക്കണക്കിന് പുസ്തകങ്ങളും ടെലിസ്കോപ്പും ഫ്ളൈറ്റ് സ്റ്റിമുലേറ്ററുമടക്കം അവിടെ സൂക്ഷിക്കും. ഇപ്പോള്‍ മുതല്‍ അവന്‍റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഓര്‍മ്മയ്ക്കായി നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. 

ഒരിക്കല്‍ക്കൂടി എല്ലാവരോടും നന്ദി അറിയിക്കുന്നു, പിന്തുണയ്ക്കും പ്രാര്‍ഥനകള്‍ക്കും.

സുശാന്തിന്‍റെ കുടുംബം