മുംബൈ: സുശാന്ത് സിംഗ് രാജ്പുത് കടന്നുപോകുന്നത് ബക്കറ്റ് ലിസ്റ്റിലെ പകുതിയും ബാക്കിവച്ച്. ദില്ലി കോളേജ് ഓഫ് എന്‍ജീനിയറിംഗില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അഭിനയ രംഗത്തേക്ക് എത്തിയ സുശാന്ത് ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിമാനം പറത്താന്‍ പഠിക്കുക, ക്രിക്കറ്റ് മത്സരം ഇടത് കൈ കൊണ്ട് കളിക്കുക, മോഴ്സ് കോഡ് പഠിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ശൂന്യാകാശത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ സഹായിക്കുക, ചാംപ്യനൊപ്പം ടെന്നീസ് കളിക്കുക, ആയിരം മരങ്ങള്‍ നടുക, എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ ഒരു സായാഹ്നം ചെലവിടുക, കൈലാസത്തില്‍ ധ്യാനത്തിലിരിക്കുക എന്നിങ്ങനെ പോവുന്നതായിരുന്നു സുശാന്തിന്‍റെ ബക്കറ്റ് ലിസ്റ്റ്. അന്‍പത് ആഗ്രഹങ്ങളടങ്ങിയ പട്ടികയായിരുന്നു സുശാന്ത് സിംഗ് രാജ്പുത് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പങ്കുവച്ചത്. 

ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി നിര്‍മിക്കുക, 100 അമ്മമാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുക, റൊണാള്‍ഡോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുക, ഒരുശവപ്പറമ്പില്‍ ഒറ്റയ്ക്ക് ഒരു രാത്രി കഴിക്കുക, ഒരു ലംബോര്‍ഗിനി വാങ്ങുക, ദൃശ്യപരിമിതികളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഡിംഗ് പരിശീലിപ്പിക്കുക, ഒരാഴഴ്ച വനത്തില്‍ താമസിക്കുക, സൌജന്യ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുക, വനിതകള്‍ക്ക് സ്വയം പ്രതിരോധം പരിശീലിപ്പിക്കുക,സ്വാമി വിവേകാനന്ദനേക്കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാത്തുക, യൂറോപ്പില്‍ ട്രെയിനിലൂടെ സഞ്ചരിക്കുക എന്നിവയും സുശാന്ത് തന്‍റെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ തന്‍റെ കോളേജില്‍ പോകുന്നതടക്കമുള്ള ഇരുപതോളം കാര്യങ്ങളാണ് സുശാന്തിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 

34കാരനായ താരത്തെ ഇന്നാണ്  മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 1986ല്‍ ബിഹാറിലെ പാട്‍നയിലാണ് സുശാന്ത് ജനിച്ചത്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി', പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം.