നടൻ സുശാന്ത് സിംഗ് രജ്‍പുതിന്റെ പിതാവും സഹോദരിയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്‍ച നടത്തി. കേസ് ഉന്നത അന്വേഷണ സംഘം ഏറ്റെടുത്തതിനാല്‍ കുടുംബത്തിന് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി സുശാന്തിന്റെ പിതാവിന് ഉറപ്പ് നല്‍കി.

സുശാന്ത് സിംഗിന്റെ സഹോദരി റാണി സിംഗ് വിവാഹം കഴിച്ചത് ഫരീദാബാദ് പൊലീസ് കമ്മിഷണര്‍ ഒ പി സിംഗിനെയാണ്. അദ്ദേഹത്തിന് ഒപ്പമായിരുന്നു സുശാന്ത് സിംഗിന്റെ പിതാവ് ഹരിയാന മുഖ്യമന്ത്രിയെ കണ്ടത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് കാമുകിയായ റിയ ചക്രബര്‍ത്തിയാണ് എന്ന് തെളിവുണ്ടെന്ന് അഭിഭാഷകൻ സുപ്രിംകോടതിയെ ഇന്ന് അറിയിച്ചിരുന്നു. സുശാന്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയെ കുറ്റപ്പെടുത്തി സുശാന്തിന്റെ പിതാവ് ബിഹീര്‍ പൊലീസില്‍ ആദ്യം പരാതി നല്‍കിയിരുന്നു. കേസുമായ ബന്ധപ്പെട്ട് എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ ചക്രബര്‍ത്തി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. സിബിഐ കേസ് ഏറ്റെടുത്തതിനാല്‍ റിയ ചക്രബര്‍ത്തിയുടെ അപേക്ഷ അസാധുവാണ് എന്ന് സുശാന്തിന്റെ പിതാവ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്‍മൂലത്തില്‍ പറഞ്ഞിരുന്നു.