മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നടി സാറാ അലി ഖാനെയും ശ്രദ്ധാ കപൂറിനെയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിളിപ്പിച്ചേക്കുമെന്ന് സൂചന. സുശാന്തിന്റെ മരണത്തിന് മയക്കുമരുനവ്‌ന് കേസുമായുള്ള ബന്ധത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും എന്‍സിബി വിളിപ്പിക്കുന്നത്. 

അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയാണ് എന്‍സിബിയോട് സാറാ അലിഖാന്റെ പേര് പറഞ്ഞത്. ഛിഛോറ എന്ന സുശാന്ത് സിംഗ് ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ശ്രദ്ധ കപൂര്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും റിയ മൊഴി നല്‍കിയിരുന്നു.

സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങി നല്‍കിയെന്ന് റിയ സമ്മതിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം പറയുന്നത്. എന്നാല്‍ റിയ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

താന്‍ നേരിട്ട് ആരില്‍ നിന്നും ലഹരിമരുന്ന് വാങ്ങിച്ചിരുന്നില്ലെന്നും, സുശാന്ത് ആവശ്യപ്പെട്ടപ്പോഴാണ് ലഹരിമരുന്ന് വാങ്ങി നല്‍കാന്‍ സഹോദരനോടും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയോടും വീട്ടിലെ ജോലിക്കാരന്‍ ദീപേഷ് സാവന്തിനോടും പറഞ്ഞതെന്നും റിയ മൊഴി നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് റിയക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.