മുംബൈ: ബോളിവുഡിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട താരസുന്ദരിയാണ് സുസ്മിത സെന്‍. അഴകളവുകള്‍ കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ അതിശയിപ്പിച്ചിട്ടുള്ള സുസ്മിത തന്‍റെ അനുജന്‍റെ വിവാഹം ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. 

സുസ്മിത സെന്നിന്‍റെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്‍റെ വിവാഹത്തിന് കാമുകന്‍ റോഹ്മാന്‍ ഷോളിനൊപ്പം ആടിപ്പാടുന്ന സുസ്മിതയുടെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. ബംഗാളി ആചാരപ്രകാരം ഗോവയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ആഘോഷത്തില്‍ ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെച്ച സുസ്മിതയുടെയും കാമുകന്‍റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

മുംബൈയിലെ രജിസറ്റര്‍ ഓഫീസില്‍ വച്ച് ജൂലൈ 11 നാണ് രാജീവ് സെന്നും ചാരു അശോപയും ഔദ്യോഗികമായി വിവാഹിതരായത്. രണ്ട് കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന സുസ്മിത അടുത്ത വര്‍ഷം വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.