ബി ഗ്രേഡ് നടിയെന്ന കങ്കണ റണൌട്ടിന്‍റെ പരിഹാസത്തിന് മറുപടിയുമായി തപ്സി പന്നു. റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണ റണൌട്ട് തപ്സി പന്നുവിനേയും സ്വര ഭാസ്കറിനേയും ബി ഗ്രേഡ് നടിമാരെന്ന് വിളിച്ചത്. കരണ്‍ ജോഹറിന്‍റെ ക്യാപിലേക്ക് ഉയര്‍ച്ചയില്ലാത്ത ബി ഗ്രേഡ് നടിമാരെന്നായിരുന്നു കങ്കണയുടെ പരിഹാസം. ബോളിവുഡിലെ സ്വജനപക്ഷപാതം സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു കങ്കണ റണൌട്ടിന്‍റെ പരിഹാസം. 

കങ്കണ റണൌട്ടിന്‍റെ പേരെടുത്ത് പറയാതെയാണ് തപ്സിയുടെ മറുപടി. ട്വിറ്ററിലൂടെയാണ് മറുപടി. പത്ത്, പ്ലസ്ടു റിസല്‍ട്ടിന് പിന്നാലെ ഞങ്ങളുടെ ഗ്രേഡ് കിട്ടിയെന്നറിഞ്ഞു. ഔദ്യോഗികമായി ഗ്രേഡ് സിസ്റ്റം പിന്തുടരാന്‍ തുടങ്ങിയോ? ഇതുവരെ നമ്പര്‍ സിസ്റ്റം അല്ലേ പിന്തുടര്‍ന്നിരുന്നതെന്നാണ് തപ്സിയുടെ മറുപടി. 

കരണിനെ ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ടാണ് ബി ഗ്രേഡ് നടിമാരായതെന്നും ആലിയയേക്കാളും സുന്ദരിമാരായിട്ടും അവസരങ്ങള്‍ കിട്ടത്തതെന്നും കങ്കണ ചോദിച്ചിരുന്നു. തുറന്ന് പറഞ്ഞതുകൊണ്ട് തനിക്ക് മാത്രമാണ് നഷ്ടമുള്ളതെന്നുംകരണ്‍ ജോഹറിന് അവസരങ്ങള്‍ തേടി നടക്കുന്ന സ്വര ഭാസ്കറിനേയും തപ്സി പന്നുവിനേയും പോലെയുള്ള ബി ഗ്രേഡ് നടിമാരെ ലഭിക്കുമെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

സ്വജനപക്ഷപാതത്തിന്‍റെ പശ്ചാത്തലത്തില്‍ അവസരം തേടി നടക്കുന്ന ബി ഗ്രേഡ് നടിമാരായ ഞങ്ങള്‍ക്കുപോലും അവസരം ലഭിക്കുന്നില്ലെന്നായിരുന്നു സ്വര ഭാസ്കര്‍ കങ്കണയ്ക്ക് മറുപടി നല്‍കിയത്. കങ്കണയുടെ പരിഹാസം അഭിനന്ദനമായാണ് തോന്നുന്നതെന്നും സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തു.