വമ്പൻ താരനിരയും ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാകും.

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തറിങ്ങിയ ചിത്രമായിരുന്നു രജിനികാന്ത് നായകനായി എത്തിയ ജയിലർ. ആ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ജയിലർ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

രജനിക്കൊപ്പം വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായെത്തിയ മോഹൻലാൽ രണ്ടാം ഭാഗത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ രജനിക്കൊപ്പം കൈകോർക്കുന്നുവെന്നും അപ്‌ഡേറ്റുകൾ പുറത്തുവന്നിരുന്നു. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ഷാരൂഖിന്റെ കാര്യം വെളിപ്പെടുത്തിയത്.

കൂടാതെ ജയിലറയിൽ വർമൻ എന്ന വില്ലനായി എത്തിയ വിനായകൻ രണ്ടാം ഭാഗത്തിന്റെ ഭാഗമാവുന്നുണ്ടെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജയിലർ 2 വിൽ ഒരു ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. രജനിയോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ചിത്രത്തിന്റെ ഭാഗമായതെന്നും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞിരുന്നു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്.

YouTube video player