അയാള്‍ വളരെ തന്ത്രപരമായി ഒരു വീഡിയോയാണ് എടുത്തത്. എനിക്ക് അത്ഭുതം തോന്നുന്നു. ഭക്തന്മാരുടെ യഥാര്‍ത്ഥമുഖമാണ് അയാള്‍ കാണിച്ചത്.
ദില്ലി: മോദിയുടേയും ബിജെപിയുടേയും നയങ്ങളെ വിമര്‍ശിക്കുന്നവരില്‍ പ്രധാനിയാണ് ബോളീവുഡ് താരം സ്വര ഭാസ്ക്കര്‍. സ്വന്തം രാഷ്ട്രീയം വ്യക്തമാക്കുകയും നിലപാടുകള്‍ തുറന്നു പറയുകയും ചെയ്യുന്ന ചുരുക്കം ബോളീവുഡ് താരങ്ങളില്‍ ഒരാള്‍. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം.
സംഭവം ഇങ്ങനെ
"ഒരു യുവാവ് എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. കാരണം ജനങ്ങളെ രാഷ്ട്രീയത്തിന്‍റെ പേരില്‍ ഞാന്‍ വേര്‍തിരിച്ച് കാണാറില്ല. എന്നാല്‍ അയാള്‍ വളരെ തന്ത്രപരമായി ഒരു വീഡിയോയാണ് എടുത്തത്. എനിക്ക് അത്ഭുതം തോന്നുന്നു. ഭക്തന്മാരുടെ യഥാര്‍ത്ഥമുഖമാണ് അയാള്‍ കാണിച്ചത്'. എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. ഇതിനൊപ്പം മറ്റൊരാള്‍ ട്വീറ്റ് ചെയ്ത വീഡിയോയും സ്വര ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീഡിയോയില്‍ 'മാം പക്ഷേ പിഎം മോദി വീണ്ടും അധികാരത്തില്‍ വരും' എന്നാണ് യുവാവ് പറയുന്നത്. ഈ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് നിജസ്ഥിതി വ്യക്തമാക്കി താരം എത്തിയത്.
തീവ്ര ഹിന്ദുത്വ നിലപാടിനെ വിമര്‍ശിക്കുകയും സ്വന്തം നിലപാടുകള്‍ തുറന്നു പറയുകയും ചെയ്യുന്ന സ്വര ഭാസ്ക്കര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും ഇറങ്ങിയിരുന്നു. ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ താരം നേരത്തെ കനയ്യകുമാറിന് വേണ്ടിയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അറ്റ്ഷിയ്ക്കു വേണ്ടിയുമാണ് പ്രചാരണത്തിനിറങ്ങിയത്.
