'എനിക്കുവേണ്ടി ഫുഡ് ചാർട്ട് പോലും ഉണ്ടാക്കി'; പ്രേമിന്‍റെ അമ്മയെക്കുറിച്ച് സ്വാസിക
പ്രേമിന്‍റെ അമ്മയും താനുമായുള്ള അടുപ്പത്തെക്കുറിച്ചാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ സ്വാസിക തുറന്നുപറയുന്നത്

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് സ്വാസിക വിജയ്. സഹതാരമായി അഭിനയിച്ച പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം ചെയ്തത്. ഒരു മോഡൽ കൂടിയാണ് പ്രേം. പ്രേമിന്റെ അമ്മയും താനുമായുള്ള അടുപ്പത്തെക്കുറിച്ചാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ സ്വാസിക തുറന്നുപറയുന്നത്. തന്റെ ഇഷ്ടങ്ങൾ കൂടി അറിഞ്ഞു പെരുമാറുന്ന, തന്നെ എപ്പോഴും പരിഗണിക്കുന്ന അമ്മയെ ആണ് തനിക്കു കിട്ടിയിരിക്കുന്നത് എന്ന് സ്വാസിക അഭിമുഖത്തിൽ പറഞ്ഞു.
''ഒരു ദിവസം കുഞ്ചു (പ്രേം) ചെന്നൈയിൽ നിന്നും ഷൂട്ട് കഴിഞ്ഞു വന്നതാണ്. കഴിക്കാൻ എന്താ ഉള്ളത് എന്ന് അമ്മയോട് ചോദിച്ചപ്പോൾ പുട്ടും മീൻകറിയും ഉണ്ട്, സ്വാസികയ്ക്ക് പുട്ടാണല്ലോ ഇഷ്ടം എന്ന് അമ്മ പറഞ്ഞു. അപ്പോ എനിക്കോ എന്ന് കുഞ്ചു ചോദിച്ചപ്പോളാണ് ഓ നിനക്ക് ചപ്പാത്തി വേണമല്ലോ എന്ന് അമ്മ പറയുന്നത്. അപ്പോഴാണ് എന്റെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കപ്പെടുന്നു എന്നും അങ്ങനെയൊരു അമ്മയെ ആണല്ലോ എനിക്ക് കിട്ടിയിരിക്കുന്നത് എന്നും റിയലൈസ് ചെയ്യുന്നത്'', സ്വാസിക പറഞ്ഞു.
അമ്മയും താനും തമ്മിൽ നല്ല ബോണ്ടാണെന്നും സ്വന്തം അമ്മ ശ്രദ്ധിക്കുന്നതു പോലെ തന്നെ തന്റെ കാര്യങ്ങൾ പ്രേമിന്റെ അമ്മ ശ്രദ്ധിക്കാറുണ്ടെന്നും തന്റെ ഇഷ്ടങ്ങൾ അറിഞ്ഞ് തനിക്കു വേണ്ടി അമ്മ ഒരു ഫുഡ്ചാർട്ട് പോലും ഉണ്ടാക്കിയെന്നും സ്വാസിക കൂട്ടിച്ചേർത്തു.
വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക സിനിമാരംഗത്തെത്തുന്നത്. 2010 ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർഥ പേര്.
ALSO READ : ഒടിടി റിലീസിന് ശേഷവും ചര്‍ച്ച സൃഷ്ടിച്ച് 'പണി'; വീഡിയോ സോംഗ് എത്തി