"ഇനിയും അധികാരത്തിലേറാൻ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം"

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. ഇനിയും അധികാരത്തിലേറാന്‍ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കി കാവലാവുകയാണ് വേണ്ടതെന്നും രാജ്ഭവനിലെ ഒരു ലളിതമായ ചടങ്ങ് മതിയാവില്ലേയെന്നും അരുണ്‍ ഗോപി ചോദിക്കുന്നു.

അരുണ്‍ ഗോപിയുടെ കുറിപ്പ്

"ബഹുമാന്യ മുഖ്യമന്ത്രി, അങ്ങ് പറയുന്നതെല്ലാം ഞങ്ങൾ അനുസരിക്കുന്നു. വീട്ടിലിരിക്കാൻ പറയുന്നതും ഡബിൾ മാസ്ക് ഇടാൻ പറഞ്ഞതും അങ്ങനെ ഓരോന്നും. കാരണം ജീവന്‍റെ വിലയുള്ള ജാഗ്രത ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ജീവിതം തിരിച്ചുപിടിച്ചു നേരേയാക്കാൻ അങ്ങും സർക്കാരും ആതുര പോലീസ് കോവിഡ് സേനകൾ രാപകലില്ലാതെ കഷ്ട്ടപെടുമ്പോൾ ഞങ്ങളാൽ ആകുന്നതു CMDRF ലേക്ക് അയച്ചു കൂടെ കരുത്തു പകരാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷെ, ഇതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണ്. ഇനിയും അധികാരത്തിലേറാൻ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം. ഒരു അമിതച്ചിലവും ആർഭാടവും അതുമൂലം ഉണ്ടാകുന്ന രോഗവ്യാപനവും താങ്ങാൻ ഈ ജനതയ്ക്കു ത്രാണി ഉണ്ടാകില്ലെന്ന് അങ്ങ് അറിയുമെന്ന് കരുതുന്നു. നല്ല നാളേക്കായി. കരുതലോടെ.."

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 800 പേര്‍ക്ക് ഇരിപ്പിടം ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. പ്രവേശനം മുന്‍കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമാണെന്നും പൊതുജനത്തിന് പ്രവേശനം അനുവദിക്കില്ലെന്നും അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ ആക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചിരുന്നു. വിമര്‍ശനങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ചടങ്ങിലെ ആളെണ്ണം കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.