മുംബൈ ബിഎംസി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മണിക്കൂറുകൾക്കകം വിരലിലെ മഷി മാഞ്ഞുപോയതായി ഗായകൻ വിശാൽ ദദ്‌ലാനി ആരോപിച്ചു. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്റെ വിരലിലെ മഷിയടയാളം മാഞ്ഞതായി അവകാശപ്പെട്ട് ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദദ്‌ലാനി രം​ഗത്ത്. വ്യാഴാഴ്ച വൈകുന്നേരം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിലാണ് വിശാൽ തന്റെ മഷി പുരട്ടിയ വിരൽ കാണിച്ച് രം​ഗത്തെത്തിയത്. ദിവസങ്ങളോളം നിലനിൽക്കേണ്ട അടയാളം ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഷി നീക്കാൻ താൻ ശ്രമിച്ചില്ലെന്നും സ്വാഭാവികമായി പോയതാണെന്നും അദ്ദേഹം പറഞ്ഞു. 

പതിവ് ദിനചര്യയുടെ ഭാഗമായി മാത്രമേ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചതിന് ശേഷം മഷി മാഞ്ഞു. തീർച്ചയായും മായ്ക്കാനാവാത്ത മഷിയല്ല ഉപയോ​ഗിച്ചതെന്നും ആവശ്യമെങ്കിൽ ഔദ്യോഗിക പ്രസ്താവന നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ നഗരങ്ങളിലെ പോളിംഗ് ബൂത്തുകളിൽ നിന്നുള്ള സമാന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി ഉപയോക്താക്കൾ പോസ്റ്റ് പങ്കുവെച്ചതോടെ ഓൺലൈനിൽ സംഭവം വിവാദമായി. സാധാരണ മായ്ക്കാനാവാത്ത മഷിക്ക് പകരം മാർക്കർ പേനകൾ ഉപയോഗിച്ചിരിക്കാമെന്ന് ചിലർ ആരോപിച്ചു. മുമ്പ് ഉപയോഗിച്ചിരുന്ന മഷി ആഴ്ചകളോളം മായാതെ നിൽക്കുമായിരുന്നു. 

എന്നാൽ ഇപ്പോൾ ഒരു ദിവസത്തിനുള്ളിൽ മങ്ങിപ്പോകുമെന്ന് ഒരാൾ അവകാശപ്പെട്ടു. തൻ്റെ വിരലിൽ ഡോട്ട് ഇടാൻ മാർക്കർ ഉപയോഗിച്ചുവെന്ന് മറ്റൊരാൾ ആരോപിച്ചു. പോളിംഗ് ദിവസം നേരത്തെ വിശാൽ കുറഞ്ഞ പോളിംഗ് ശതമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏറെക്കുറെ ഒഴിഞ്ഞുകിടക്കുന്ന പോളിംഗ് സെന്ററിന് പുറത്ത് നിന്നുള്ള മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. വോട്ടർമാരേക്കാൾ കൂടുതൽ ഉദ്യോഗസ്ഥരാണ് അകത്തുള്ളത്. ഇത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

View post on Instagram