പനാജി: മികച്ച കഥാപാത്രങ്ങള്‍ കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയായ നടിയാണ് തപ്സി പന്നു. അഭിമുഖങ്ങളിലും പൊതുപരിപാടികളിലും അഭിപ്രായങ്ങള്‍ തുറന്നുപറയാറുള്ള നടിയുടെ കുറിക്കു കൊള്ളുന്ന മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗോവയിലെ 'ഇഫി' വേദിയില്‍ വെച്ച് ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടും ഹിന്ദിയില്‍ സംസാരിക്കാത്തത് എന്താണെന്ന ചോദ്യത്തിനാണ് തപ്സി ചുട്ട മറുപടി നല്‍കിയത്.

സിനിമാ ജീവിതത്തെക്കുറിച്ച് ആളുകളോട് സംവദിക്കുകയായിരുന്നു തപ്സി. ഇതിനിടയിലാണ് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കണെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംവാദത്തില്‍ ഇംഗ്ലീഷിലായിരുന്നു തപ്സി സംസാരിച്ചത്. പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ എഴുന്നേറ്റ് ബോളിവുഡില്‍ അഭിനയിച്ചതല്ലേ ഹിന്ദിയില്‍ സംസാരിക്കൂ? എന്നാവശ്യപ്പെട്ടു. ഇവിടെയുള്ള എല്ലാവര്‍ക്കും ഹിന്ദി മനസ്സിലാകുമോ? എന്ന് തപ്സി ആള്‍ക്കൂട്ടത്തോട് മറുചോദ്യം ചോദിച്ചു.

എന്നാല്‍ അവിടെ കൂടിയിരുന്ന ഭൂരിപക്ഷം ആളുകളും ഹിന്ദി അറിയില്ലെന്ന് പറഞ്ഞു. വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ചോദ്യകര്‍ത്താവിനോട് താന്‍ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട് നിങ്ങളോട് തമിഴില്‍ സംസാരിക്കട്ടെയെന്ന് ചോദിച്ചാണ് തപ്സി അയാളുടെ വായടപ്പിച്ചത്. തപ്സിയുടെ മറുപടി നിറകയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്‍റെ അനുഭവം വിശദമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആരുടെയെങ്കിലും ഒപ്പം അഭിനയിച്ചതിന്‍റെ അനുഭവത്തെക്കാള്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെന്നും രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ എത്തിയവരില്‍ നിന്ന് കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നതായും തപ്സി പറഞ്ഞു.