സൂപ്പര്‍ താരം അക്ഷയ് കുമാറിനൊപ്പം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് തൈമൂറിന്‍റെ സ്ക്രീന്‍ പ്രസന്‍സ് 

മുംബൈ: താരങ്ങളും അവരുടെ കുടുംബവും ആരാധകര്‍ക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്. സെലിബ്രറ്റികളുടെ വ്യക്തിജീവിതവും സിനിമ പോലെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ ഒരു കുട്ടി താരമാണ് ഇപ്പോള്‍ വാര്‍ത്താ താരം. സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന് മാതാപിതാക്കളുടെ അത്ര തന്നെ ആരാധകരുമുണ്ട്. തൈമൂറിന്‍റെ കാര്യത്തില്‍ പാപ്പരാസികള്‍ക്കും പ്രത്യേക ശ്രദ്ധയുണ്ട്. താര ദമ്പതികളുടെ പിഞ്ചോമന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നുള്ളതാണ് ബി ടൗണില്‍ നിന്നുളള ഏറ്റവും പുതിയ വാര്‍ത്ത. 

കരീന കപൂര്‍ അഭിനയിക്കുന്ന ഗുഡ് ന്യൂസിലൂടെയാണ് തൈമൂറിന്‍റെ സിനിമാ പ്രവേശനം. സൂപ്പര്‍ താരം അക്ഷയ് കുമാറിനൊപ്പം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് തൈമൂറിന്‍റെ സ്ക്രീന്‍ പ്രസന്‍സ് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് നടി കൈറ അദ്വാനിയോടൊപ്പം തൈമൂര്‍ ഓടിക്കളിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. എന്നാല്‍ ഗുഡ് ന്യൂസിന്‍റെ ചിത്രീകരണ വീഡിയോ അണ് ഇതെന്ന് ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്. 

അക്ഷയ് കുമാര്‍, കരീന കപൂര്‍, കൈറ അദ്വാനി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ഗുഡ് ന്യൂസ് സെപ്റ്റംബര്‍ ആറിന് തിയറ്ററുകളിലെത്തും. നര്‍മ്മത്തിന് പ്രധാന്യം നല്‍കുന്ന ചിത്രം ധര്‍മ പ്രൊഡക്ഷന്‍സും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

View post on Instagram