ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സെറ്റില്‍ നിന്നാണ് തങ്ങളുടെ പ്രണയകഥ ആരംഭിക്കുന്നതെന്ന് തമന്ന

നടന്‍ വിജയ് വര്‍മ്മയുമായുള്ള തന്‍റെ പ്രണയം സ്ഥിരീകരിച്ച് നടി തമന്ന ഭാട്ടിയ. ഗോവയില്‍ വച്ചുള്ള ഒരു പുതുവര്‍ഷ പാര്‍ട്ടിക്കിടെ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിച്ചിരുന്നു. മുംബൈയില്‍ പലപ്പോഴും ഇരുവരെയും ഒരുമിച്ച് കാണാറുള്ള വിവരം ഗോസിപ്പ് കോളങ്ങളില്‍ പലപ്പോഴും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇവരിലൊരാള്‍ ആദ്യമായാണ് തുറന്ന് പ്രതികരിച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറീസ് 2 ല്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഒരു ചിത്രത്തില്‍ ആദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നാണ് തങ്ങളുടെ പ്രണയകഥ ആരംഭിക്കുന്നതെന്ന് തമന്ന പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഡേറ്റിംഗില്‍ ആണെന്ന വിവരം തമന്ന സ്ഥിരീകരിച്ചത്. "ഒപ്പം അഭിനയിക്കുന്ന ആളാണ് എന്നതുകൊണ്ട് ഒരാളോട് നമുക്ക് അടുപ്പം തോന്നില്ല. ഞാന്‍ ഒരുപാട് നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കില്‍ തീര്‍ത്തും വ്യക്തിപരമായ ചില കാരണങ്ങള്‍ കാണും. ഒരാളുടെ ജോലി എന്താണ് എന്നതല്ല അവിടെ കാരണമായി പ്രവര്‍ത്തിക്കുക. ഇത് സംഭവിച്ചതിന് കാരണവും അതല്ല", തമന്ന പറയുന്നു.

വിജയ് വര്‍മ്മയുമായുള്ള തന്‍റെ ബന്ധം വളരെ സ്വാഭാവികമായി സംഭവിച്ച ഒന്നാണെന്നും തനിക്ക് ഏറെ ഇഷ്ടം തോന്നുന്ന ഒരാളാണ് വിജയ് എന്നും തമന്ന ഇതേ അഭിമുഖത്തില്‍ പറയുന്നു. "എന്‍റെ സന്തോഷത്തിന്‍റെ ഇടമാണ് അത്. ഒരു പങ്കാളിയെ കണ്ടെത്താനായി, അയാളെ ബോധ്യപ്പെടുത്താനായി നിങ്ങള്‍ക്ക് പലതും ചെയ്യേണ്ടതായിവരും. പക്ഷേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ലോകം എന്‍റെ യാതൊരു അധ്വാനവും കൂടാതെ മനസിലാക്കുന്ന ഒരാളെയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്", അഭിമുഖത്തില്‍ തമന്ന പറയുന്നു.

എമ്മി നോമിനേഷന്‍ ലഭിച്ച, 2018 ല്‍ പുറത്തെത്തിയ ലസ്റ്റ് സ്റ്റോറീസിന്‍റെ രണ്ടാം ഭാഗമാണ് ലസ്റ്റ് സ്റ്റോറീസ് 2. അമിത് രവീന്ദര്‍നാഥ് ശര്‍മ്മ, ആര്‍ ബല്‍കി, കൊങ്കണ സെന്‍ ശര്‍മ്മ, സുജോയ് ഘോഷ് എന്നിവരാണ് ആന്തോളജി ചിത്രത്തിന്‍റെ സംവിധാനം. 

ALSO READ : വിദഗ്‍ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക്? ബിഗ് ബോസിനെ തീരുമാനം അറിയിച്ച് വിഷ്‍ണു

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 1| Firoz Khan