ചെന്നൈ: തമിഴ് സീരിയല്‍ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്ത കേസില്‍ ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ ഹേംനാഥ് മര്‍ദ്ദിച്ചെന്നും മാനസിക സമ്മര്‍ദ്ദം ചെലുത്തിയെന്നുന്നും ചിത്രയുടെ അമ്മ ആരോപിച്ചിരുന്നു. എന്നാല്‍ ചിത്രയുടെ അമ്മ വിജയയും പ്രതിശ്രുതവരനായ ഹേംനാഥും നല്‍കിയ മാനസിക പീഡനമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇയാളുടെ  മാതാപിതാക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.  ഡിസംബർ 10 നാണ് ചിത്രയെ (29) ചെന്നൈക്ക് പുറത്തുള്ള ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  

ചിത്ര ടിവിയിൽ അവതരിപ്പിച്ച ഒരു രംഗം ഹേംനാഥിന് ഇഷ്ടപ്പെട്ടില്ല.  ഇതിന്‍റെ പേരില്‍ ഇയാള്‍ ചിത്രയുമായി വഴക്കിട്ടിരുന്നു. നേരത്തെയും ഹേംനാഥ് ഇത്തരത്തില്‍ ചിത്രയുമായി കലഹിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചിത്ര ജീവനൊടുക്കിയ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഹേംനാഥിന്‍റെ പെരുമാറ്റം ശരിയല്ലെന്നും ഇയാളെ ഒഴിവാക്കണമെന്നും ചിത്രയുടെ അമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹ നിശ്ചത്തിന് ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടക്കാനിരിക്കെയാണ് ചിത്ര കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ഇരയായി ജീവനൊടുക്കുന്നത്.