യഥാർത്ഥ ഹീറോകളെ മറയാക്കി സ്വയം ഹീറോകളാകാൻ ശ്രമിക്കരുത്. നിങ്ങൾ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങള്‍ ഒരു സൈനികനല്ല. അങ്ങനെ മറ്റുള്ളവര്‍ പെരുമാറുമെന്ന് ധരിക്കരുതെന്ന് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമർശിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർത്ഥ്. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് സിദ്ധാർത്ഥ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.
ഇന്ത്യയിലെ ജനങ്ങൾ സൈന്യത്തിൽ വിശ്വാസം അർപ്പിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. നിങ്ങളേയും, നിങ്ങളുടെ കൂട്ടാളികളേയുമാണ് അവർ വിശ്വസിക്കാത്തത്. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിർത്തണം. യഥാർത്ഥ ഹീറോകളെ മറയാക്കി സ്വയം ഹീറോകളാകാൻ ശ്രമിക്കരുത്. നിങ്ങൾ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങള്‍ ഒരു സൈനികനല്ല. അങ്ങനെ മറ്റുള്ളവര്‍ പെരുമാറുമെന്ന് ധരിക്കരുതെന്ന് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷങ്ങൾക്കെതിരെ മോദി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധാർത്ഥ് രംഗത്തെത്തിയത്. നേരത്തെ, ബാലക്കോട്ട് ആക്രമണത്തിന്‍റെ തെളിവുകള്‍ ചോദിച്ച പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സായുധ സേനയെ നമ്മൾ വിശ്വസിക്കണം, അവരെ ഓർത്ത് അഭിമാനിക്കണം. എന്നിട്ടും ചില ആളുകള്‍ എന്തിന് സേനയെ ചോദ്യംചെയ്യുന്നുവെന്നാണ് എനിക്ക് മനസിലാകാത്തതെന്നായിരുന്നു പിഎംഒയുടെ ട്വീറ്റ്.
