ചെന്നൈ: കൊവിഡിനെയോ കനത്ത മഴയെയോ വകവയ്ക്കാതെ കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടൻ സൂര്യ. ഒപ്പം വിമാനപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും താരം ആദരമർപ്പിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും സൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

"ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനങ്ങള്‍ അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ, മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്, പൈലറ്റുമാരോട് ആദരവ്" സൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരത്തിൽ നരവധി പേരാണ് വിമാന ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പ്രദേശവാസികളെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. പൊലീസും അഗ്നിശമനസേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു കരിപ്പൂരുകാര്‍. രാത്രി വൈകിയും പരിക്കേറ്റവർക്കായി രക്തബാങ്കുകള്‍ക്ക് മുന്നിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ജനങ്ങളുടെ സമയോചിതമായ ഇടപെടൽ ദുരിതത്തിന്റെ വ്യാപ്തി കുറക്കാനും ഇടയാക്കി. 

വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാനമാണ് അപകടത്തില്‍ പെട്ടത്.