ചെന്നൈ: ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ തമിഴ് ചലച്ചിത്ര താരം വിജയ് സേതുപതി. കശ്മീര്‍ ജനതയുടെ അഭിപ്രായം കേള്‍ക്കാതെ ഇത്തരം ഒരു നീക്കം ശരിയല്ലെന്ന് വിജയ് സേതുപതി ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ റേഡിയോ ചാനലായ എസ്ബിഎസ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ അഭിപ്രായം മക്കള്‍ സെല്‍വന്‍ തുറന്നു പറഞ്ഞത്. ഇത് ജനാധിപത്യത്തിന് എതിരാണ്. പെരിയോര്‍ മുന്‍പ് തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ട്. കശ്മീരിലെ ജനത തന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ വീട്ടില്‍ താമസിക്കാത്ത ഞാന്‍ നിങ്ങളുടെ വീട്ടിലെ കാര്യത്തില്‍ ഇടപെട്ടാല്‍ എങ്ങനെയിരിക്കും. ?. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്‌കണ്‌ഠയുണ്ട്, എന്നാല്‍ എന്‍റെ തീരുമാനം നിങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് വ്യത്യസ്തമാണ് - വിജയ് സേതുപതി പറഞ്ഞു.

കാശ്മീരിനെക്കുറിച്ച് കാര്യങ്ങള്‍ വായിച്ചപ്പോള്‍ വലിയ വേദനയാണ് ഉണ്ടായത്. കശ്മീരിലെ പരിഹാരം കശ്മീര്‍ ജനതയില്‍ നിന്നാണ് വരേണ്ടത്. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റ്വെലില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ എത്തിയതായിരുന്നു വിജയ് സേതുപതി.

കഴിഞ്ഞ ദിവസം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അഭിനന്ദിച്ച് രജനീകാന്ത് രംഗത്ത് എത്തിയതിന് പിന്നാലെയാണ് വിജയ് സേതുപതിയുടെ അഭിപ്രായം എന്നതാണ് ശ്രദ്ധേയമാകുന്നത്. രജനീകാന്ത് 370 റദ്ദാക്കിയതിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയയെും, ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് രംഗത്ത് വന്നത്. ഞായറാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്ന രജനീകാന്തിന്‍റെ അഭിപ്രായ പ്രകടനം.പ്രധാനമന്ത്രിയും അമിത് ഷായും കൃഷ്ണനും അർജുനനും പോലെയാണ്. എന്നാൽ ഇതിൽ ആരാണ് കൃഷ്ണനെന്നും അര്‍ജുനനെന്നും നമുക്ക് അറിയില്ല– രജനി പറഞ്ഞു. 

എന്നാല്‍  നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ എന്നിവർ ശക്തമായി പ്രതികരിച്ചു. ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമെന്നാണ് കമൽ വിശേഷിപ്പിച്ചത്.  കഴിഞ്ഞ ആഴ്ചയാണു രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. ലഡാക്കിനെയും ജമ്മു കശ്മീരിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. പ്രതിപക്ഷത്തെ പല കക്ഷികളുടെയുൾപ്പെടെ പിന്തുണയോടെ ദിവസങ്ങൾക്കകമാണ് ഇതു സംബന്ധിച്ച ബില്ലുകള്‍ കേന്ദ്രം പാർലമെന്റിൽ പാസാക്കിയെടുത്തത്.