നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങള്‍.
തമിഴ് നടൻ വിശാൽ വേദിയിൽ കുഴഞ്ഞ് വീണു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വില്ലുപുരത്ത് സംഘടിപ്പിച്ച പൊതു പരിപാടിയിൽ പങ്കെടുക്കുക ആയിരുന്നു വിശാൽ. വേദിയിൽ സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിച്ച് പോകാവെ വേദിയിൽ നടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വില്ലുപുരത്തെ കൂവാഗം ഗ്രാമത്തിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു വിശാൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി മിസ് കൂവാഗം 2025 എന്ന പേരിൽ ഒരു സൗന്ദര്യമത്സരം സംഘടിപ്പിച്ചിരുന്നു. ഇതിന് വേണ്ടി വേദിയിൽ എത്തി ആശംസ അറിയിക്കുക ആയിരുന്നു വിശാൽ. മത്സരാർത്ഥികളും സ്റ്റേജിൽ ഉണ്ടായിരുന്നു. ഇതിനിടെ തിരിഞ്ഞ് നടന്ന വിശാൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നടന് പ്രഥമശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നേരത്തെ മദ ഗജ രാജ എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റിൽ വിശാൽ വിറയലോടെ സംസാരിക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു. നിവർന്ന് നിൽക്കാൻ സാധിക്കാതെ വിറയലോടെ കണ്ണിൽ നിന്നും കണ്ണീർ വന്നു കൊണ്ടേയിരുന്ന വിശാലിനെ വീഡിയോയിൽ കാണാമായിരുന്നു. പിന്നാലെ വൈറൽ പനി ആയിരുന്നുവെന്നും സിനിമയ്ക്ക് വേണ്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നുവെന്നുമായിരുന്നു വിശാൽ പറഞ്ഞത്. എന്നാല്‍ രണ്ടാമതും പൊതുവേദിയില്‍ ആരോഗ്യപരമായി വിശാല്‍ ബുദ്ധിമുട്ടിയത് ആരാധകരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
വിശാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് മദ ഗജ രാജ. ചിത്രീകരണം പൂര്‍ത്തിയായി 12 വര്‍ഷങ്ങള്‍ത്ത് ഇപ്പുറമായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്. സന്താനം, അഞ്ജലി, വരലക്ഷ്മി ശരത്കുമാര്‍, സോനു സൂദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ സി ആയിരുന്നു.